ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാനൊരുങ്ങി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം. ഈ വര്‍ഷം അവസാനത്തില്‍ ഓസ്ട്രേലിയക്കെതിരെയാവും ഇന്ത്യന്‍ സംഘം പിങ്ക് ബൗളില്‍ കളിക്കുക. ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്.
”വനിത ക്രിക്കറ്റിനോടുള്ള പ്രതിജ്ഞാബദ്ധത കണക്കിലെടുത്ത്, ടീം ഇന്ത്യ ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതീവ സന്തുഷ്ടനാണ് ”- ജയ് ഷാ ട്വീറ്റ് ചെയ്തു.
also read: ഹർമൻപ്രീതും സ്‌മൃതി മന്ഥാനയും പൂനം യാദവും എ ഗ്രേഡില്‍
അതേസമയം ഇംഗ്ലണ്ടിനെതിരെയും ഇന്ത്യന്‍ സംഘം ഈ വര്‍ഷം ജൂണില്‍ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്. നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് താരങ്ങള്‍. ഓസിസിനെതിരായ പിങ്ക് ബോള്‍ മത്സരത്തില്‍ ഇന്ത്യ കളിച്ചാല്‍ വനിത ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഡേ-നൈറ്റ് മത്സരമാവുമത്. 2017ൽ ഇംഗ്ലണ്ടും ഓസിസും തമ്മിലായിരുന്നു ആദ്യ മത്സരം.
അതേസമയം ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 19 പേരുടെ പട്ടികയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. 2020 ഒക്ടോബര്‍ മുതല്‍ക്ക് 2021 സെപ്റ്റംബര്‍ വരെയാണ് കരാര്‍ കാലാവധി. വേദ കൃഷ്ണമൂര്‍ത്തി, ഏക്താ ബിഷ്, അനൂജ പാട്ടീല്‍, ഡി ഹേമലത എന്നിവരെ കരാറില്‍ നിന്ന് ഒഴിവാക്കി.