ന്യൂഡൽഹി: വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നായകനായി തിരിച്ചെത്തുന്ന പരമ്പരയിൽ പുതുമുഖ താരം രവി ബിഷ്‌നോയിയും ഇടം നേടി. കെഎൽ രാഹുലാണ് ടീമിന്‍റെ ഉപനായകൻ.
ഫെബ്രുവരി ആറ് മുതലാണ് വെസ്റ്റ് ഇൻഡീസിന്‍റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. പേസർമാരായ ജസ്‌പ്രീത് ബുംറയ്‌ക്കും, മുഹമ്മദ് ഷമിക്കും സ്‌പിന്നർ ആർ അശ്വിനും പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് പകരം ഐപിഎല്ലിലെ പർപ്പിൾ ക്യാപ്പ് ഉടമ ഹർഷൽ പട്ടേലിനേയും, ആവേശ് ഖാനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൾ റൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം നേടി. അതേസമയം മോശം ഫോമിൽ കളിതുടരുന്ന ഭുവനേശ്വർ കുമാറിനെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി ടി20 പരമ്പരയിൽ മാത്രം ഉൾപ്പെടുത്തി. അക്‌സർ പട്ടേലും ടി20 പരമ്പരക്കുള്ള ടീമിൽ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. വെങ്കിടേഷ് അയ്യരും ടി20യിൽ മാത്രമാണ് കളിക്കുക.
ALSO READ:ഏകദിന റാങ്കിങ്: വിരാട് കോലി രണ്ടാം സ്ഥാനം നിലനിർത്തി; ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ബുംറ മാത്രം
അതേസമയം കഴിഞ്ഞ വർഷത്തെ ശ്രീലങ്കൻ പര്യടനത്തിന് ശേഷം ഇതാദ്യമായാണ് കുൽദീപ് യാദവ് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇതോടെ കുൽ-ചാ സഖ്യം ഈ പരമ്പരയിലൂടെ വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഉണ്ട്.
മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കൊവിഡ് രൂക്ഷമായതിനാൽ അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. ഏകദിന മത്സരം 6,9,11 തീയതികളിൽ അഹമ്മദാബാദിലും, ടി20 പരമ്പര 16,18,20 തീയതികളിൽ കൊൽക്കത്തയിലും നടക്കും.
ഇന്ത്യൻ ടീം
എകദിന ടീം : രോഹിത് ശർമ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹുഡ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, വാഷിങ്ടണ്‍ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാൻ.
ടി20 ടീം:രോഹിത് ശർമ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, രവി ബിഷ്ണോയി, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിങ്ടണ്‍ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ്ഖാൻ, ഹർഷൽ പട്ടേൽ.