മുംബൈ :ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് എതിരാളി ഇനി വെസ്റ്റ് ഇന്‍ഡീസാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ രോഹിത് ശർമയും വിരാട് കോലിയും കളിച്ചേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയ ചേതേശ്വര്‍ പുജാരയും ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും.
സര്‍ഫറാസിന് വിളിയെത്തും, കളിക്കാനായേക്കില്ല :ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടിയ മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാനും മീഡിയം പേസര്‍ മുകേഷ് കുമാറിനും ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പുജാര ടീമിലുള്ളതോടെ സര്‍ഫറാസ് ഖാന് പ്ലേയിങ് ഇലവന് പുറത്തിരിക്കേണ്ടി വന്നേക്കാം. കെഎസ് ഭരത്തിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാൻ കിഷന് ടെസ്റ്റ് അരങ്ങേറ്റത്തിനും സാധ്യതയുണ്ട്. യശസ്വി ജയ്സ്വാളിനെ ടെസ്റ്റ് ടീമിൽ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
രോഹിത് ഫിറ്റ്: മോശം ഫോമുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അലട്ടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം രോഹിത്തിന് ആവശ്യമായ വിശ്രമം ലഭിച്ച് കഴിഞ്ഞതായി ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് പ്രതികരിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മാത്രങ്ങള്‍ മാത്രം ശേഷിക്കെ തന്‍റെ ഫോം തിരിച്ച് പിടിക്കാന്‍ രോഹിത്തിനുള്ള മികച്ച അവസരമാണിതെന്നാണ് ബിസിസിഐ കരുതുന്നത്.