പോർട്ട് ഓഫ് സ്പെയിൻ:വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റണ്‍സ് നേടി. സെഞ്ച്വറിക്കരികിൽ പുറത്തായ ശിഖാർ ധവാനും (97), അർധ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലും (64), ശ്രേയസ് അയ്യരും (56) ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടണ് ഓപ്പണർമാർ തുടങ്ങിയത്. മോശം പന്തുകൾ തെരഞ്ഞുപിടിച്ച് പ്രഹരിച്ച ധവാൻ- ഗിൽ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 119 റണ്‍സാണ് കൂട്ടിച്ചേർത്തത്. ആക്രമിച്ച് കളിച്ച ഗിൽ 36 പന്തിൽ ഏകദിനത്തിലെ തന്റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി. വൈകാതെ ധവാനും അർധ ശതകം കടന്നു.
എന്നാൽ 18-ാം ഓവറിൽ അശ്രദ്ധമായി റണ്‍സിനായി ഓടിയ ഗിൽ പുരാന്റെ തകർപ്പൻ ത്രോയിൽ പുറത്തായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യർ ധവാന് മികച്ച പിന്തുണ നൽകി ബാറ്റ് വീശി. ഇരുവരും ചേർന്ന് ടിം സ്കോർ 200 കടത്തി. എന്നാൽ സെഞ്ച്വറിയിലേക്ക് അടുത്തുകൊണ്ടിരുന്ന ധവാൻ ടീം സ്കോർ 213ൽ നിൽക്കെ പുറത്തായി.