പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. നായകൻ ശിഖർ ധവാൻ (97), ശുഭ്‌മാൻ ഗിൽ (64), ശ്രേയസ് അയ്യർ (56) എന്നിവരുടെ അർധ സെഞ്ച്വറി മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. നിലവിൽ 40 ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 248 റണ്‍സ് നേടിയിട്ടുണ്ട്. പോർട്ട് ഓഫ് സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണും ദീപക് ഹൂഡയുമാണ് ക്രീസിൽ.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വിൻഡീസ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചുകൊണ്ടണ് ഓപ്പണർമാർ തുടങ്ങിയത്. മോശം പന്തുകൾ തെരഞ്ഞുപിടിച്ച് പ്രഹരിച്ച ധവാൻ- ഗിൽ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 119 റണ്‍സാണ് കൂട്ടിച്ചേർത്തത്. ആക്രമിച്ച് കളിച്ച ഗിൽ 36 പന്തിൽ ഏകദിനത്തിലെ തന്‍റെ ആദ്യ അർധ സെഞ്ച്വറി പൂർത്തിയാക്കി. വൈകാതെ ധവാനും അർധ ശതകം കടന്നു.