തിരുവനന്തപുരം :സെപ്‌റ്റംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് സ്റ്റേഡിയത്തിലും പരിസരത്തും വിപുലമായ സുരക്ഷാക്രമീകരണങ്ങളൊരുക്കി സിറ്റി പൊലീസ്. ഏഴ് എസ്‌പിമാരുടെ നേതൃത്വത്തില്‍ 1,650 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പര്‍ജന്‍ കുമാര്‍ അറിയിച്ചു.
ടിക്കറ്റുകളുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തായിരിക്കും കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. മാസ്‌ക് നിര്‍ബന്ധമാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം അനുവദിക്കില്ല.
ഏഴ് സോണുകളായി തിരിച്ച് സുരക്ഷ :ക്രമസമാധാന ചുമതലയുള്ള സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ ഓരോ സോണിന്‍റേയും ചുമതല ഓരോ എസ്.പിമാര്‍ക്കായിരിക്കും. സോണുകളെ 19 സെക്ടറുകളായി തിരിച്ച് 19 ഡിവൈ എസ്.പിമാരുടെയും 28 ഡിവൈ എസ്.പി മാരുടെയും 28 സി.ഐ മാരുടെയും 182 എസ്.ഐ മാരുടെയും നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലും പരിസരങ്ങളിലുമായി 1650 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കുക.
IND vs SA : വിപുലമായ സുരക്ഷ ക്രമീകരണങ്ങളൊരുക്കി പൊലീസ്, നഗരത്തില്‍ ഗതാഗത നിയന്ത്രണം കാണികള്‍ക്ക് പ്രവേശനം വൈകിട്ട് 4.30 മുതല്‍ മാത്രം :വൈകിട്ട് 4.30 മുതല്‍ മാത്രമേ കാണികള്‍ക്ക് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. കാണികള്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടി, തോരണങ്ങള്‍, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, തീപ്പെട്ടി, സിഗരറ്റ് തുടങ്ങിയ സാധനങ്ങളുമായി സ്റ്റേഡിയത്തിനുള്ളില്‍ കയറാന്‍ പാടില്ല.
മൊബൈല്‍ ഫോണ്‍ മാത്രമേ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തുനിന്ന് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഭക്ഷണ സാധനങ്ങള്‍ കാണികളുടെ ഇരിപ്പിടത്തിന് സമീപം ലഭ്യമാകുന്നതാണ്.
ഗതാഗത ക്രമീകരണവും വാഹന പാര്‍ക്കിംഗും :28 ന് ഉച്ചയ്ക്ക് 3 മുതല്‍ രാത്രി 12 മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പാങ്ങപ്പാറ മുതല്‍ കഴക്കൂട്ടം വെട്ടുറോഡുവരെയുള്ള പ്രധാന റോഡിന്‍റെ ഇരുവശങ്ങളിലും കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ പുല്ലാന്നിവിള വരെയുള്ള റോഡിലും ഇടറോഡിലും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. ആറ്റിങ്ങല്‍ ഭാഗത്തുനിന്നും ശ്രീകാര്യം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെട്ടുറോഡ് നിന്ന് തിരിഞ്ഞ് ചന്തവിള, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം വഴിയും ചെറിയ വാഹനങ്ങള്‍ കഴക്കൂട്ടം ബൈപാസ്-മുക്കോലയ്ക്കല്‍ വഴിയും പോകേണ്ടതാണ്.
തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഉള്ളൂര്‍-ആക്കുളം-കുഴിവിള വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ടതാണ്. ശ്രീകാര്യം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ ചാവടിമുക്ക്, മണ്‍വിള, കുളത്തൂര്‍, വഴി ബൈപ്പാസിലെത്തി കഴക്കൂട്ടം ഭാഗത്തേക്കും പോകേണ്ടതാണ്.
Also Read:IND vs SA : കാര്യവട്ടത്ത് നാളെ ടി20 പൂരം ; ഡെത്ത് ഓവറുകളില്‍ ഇന്ത്യയ്‌ക്ക് ആശങ്ക
വാഹന പാര്‍ക്കിംഗ് സൗകര്യം :കളികാണാനെത്തുന്നവര്‍ക്കുള്ള വാഹന പാര്‍ക്കിംഗിന് കാര്യവട്ടം കാമ്പസ്, കാര്യവട്ടം ഗവണ്‍മെന്‍റ് കോളജ്, എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ജുമ മസ്ജിദ്, കാര്യവട്ടം ബി.എഡ് സെന്‍റര്‍, കഴക്കൂട്ടം മേല്‍പ്പാലത്തിന് കീഴിലുള്ള തൂണുകള്‍ക്ക് സമീപം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡരികില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. സ്‌റ്റേഡിയത്തിന്‍റെ പ്രധാന കവാടം കഴിഞ്ഞ് വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.