സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 113 റണ്‍സിന്‍റെ മിന്നുന്ന വിജയം. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 305 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 191 റണ്‍സിന് ഓൾഔട്ടായി. സ്‌കോര്‍: ഇന്ത്യ- 327, 174. ദക്ഷിണാഫ്രിക്ക 197, 191.
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് സിറാജും ആര്‍ അശ്വിനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
156 പന്തില്‍ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 80 പന്തില്‍ 35 റണ്‍സെടുത്ത തെംബ ബാവുമ പുറത്താവാതെ നിന്നു.
എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സണ്‍ (17), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (11), കേശവ് മഹാരാജ് (8), ക്വിന്‍റണ്‍ ഡി കോക്ക് (21), വിയാന്‍ മള്‍ഡര്‍ (1) മാര്‍കോ ജാന്‍സണ്‍ (13), കഗിസോ റബാദ (0), ലുംഗി എന്‍ഗിഡി (0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
ആദ്യ ഇന്നിങ്സില്‍ നേടിയ 327 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 123 റണ്‍സെടുത്ത കെഎല്‍ രാഹുലിന്‍റെ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. 60 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്‍റേയും 48 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടേയും പ്രകടനവും നിര്‍ണായകമായി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 197 റണ്‍സിലൊതുക്കാന്‍ ഇന്ത്യയ്‌ക്കായി. 103 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 16 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്.
എന്നാല്‍ നാല് വിക്കറ്റുകള്‍ വീതം നേടിയ കഗിസോ റബാദ, മാർകോ ജാൻസൺ എന്നിവര്‍ ചേര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ 174 റണ്‍സിന് പുറത്താക്കി. 34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.