കറാച്ചി :ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒന്നിലധികം മത്സരങ്ങളില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ പരമ്പരകള്‍ കളിക്കാത്ത ഇരു ടീമുകളും പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ പരസ്‌പരം പോരടിക്കുന്നത്. ഇതോടെ ഇന്ത്യ-പാക് മത്സരങ്ങളുടെ ആവേശം കളിക്കളത്തിന് അകത്തും പുറത്തും പതിന്മടങ്ങ് വര്‍ധിക്കും.
2022-ലെ ടി20 ലോകകപ്പിലായിരുന്നു ഇരു ടീമുകളും അവസാനമായി മത്സരിച്ചിരുന്നത്. അന്ന് വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ മികവില്‍ ഇന്ത്യ മത്സരം പിടിച്ചിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ 52 പന്തിൽ 83 റൺസെടുത്ത വിരാട് കോലിയുടെ ഐതിഹാസിക പ്രകടനം പാകിസ്ഥാനെ കരയിപ്പിച്ചു. ഇപ്പോഴിതാ കോലിയുടെ ഈ പ്രകടനം ഓര്‍ത്തെടുത്തിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസ താരം ഷൊയ്‌ബ് അക്തര്‍.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ അന്നത്തെ വേദി കോലിക്കായി ദൈവം ഒരുക്കിയതായിരുന്നു എന്നാണ് റാവല്‍പിണ്ടി എക്‌സ്‌പ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. "മെല്‍ബണിലെ ആ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പൂര്‍ണമായും വിരാട് കോലിയെ സംബന്ധിച്ചതായിരുന്നു. ക്രിക്കറ്റ് ദൈവങ്ങൾ അവനുവേണ്ടി അത് ചെയ്യാൻ ആഗ്രഹിച്ചു. അവന്‍ തന്‍റെ മികച്ച ഫോമില്‍ ആയിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്‍പ്പടെ കടുത്ത വിമര്‍ശനങ്ങളായിരുന്നു അവന് നേരെ ഉയര്‍ന്നിരുന്നത്.
മുഴുവന്‍ മാധ്യമങ്ങളും അവന് പിന്നാലെയായിരുന്നു. എന്നാല്‍ 'ഇതുനിന്‍റെ വേദിയാണെന്നും, വീണ്ടും രാജാവായി ഉയരാനും' ദൈവം കോലിയോട് പറഞ്ഞ രീതിയായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം ആളുകള്‍ക്ക് പുറമെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് ആളുകള്‍ കണ്ടൊരു മത്സരമായിരുന്നു അത്.