മുംബൈ:ക്രിക്കറ്റ് ലോകകപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസിലേക്ക് ഓടിയെത്തുന്നതാണ് ഇന്ത്യ (India) - പാകിസ്ഥാന്‍ (Pakistan) പോരാട്ടം. ചിരവൈരികളായ ഈ രണ്ട് ടീമും ലോകവേദിയില്‍ മുഖാമുഖം വരുമ്പോള്‍ ആവേശം മൈതാനത്തിന് പുറത്തേക്കും ഒഴുകാറുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായാണ് ഇന്ത്യ - പാക് പോരാട്ടങ്ങള്‍ പലപ്പോഴും വിശേഷിപ്പിക്കുപ്പെടുന്നത്.
ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup) ഇന്ത്യ - പാക് പോരാട്ടത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഓക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം നടക്കുന്നത്. മത്സരത്തിന് ഇനിയും ഒരുപാട് ദിവസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും കായിക ലോകത്ത് ഇപ്പോള്‍ തന്നെ ഇന്ത്യ - പാക് പോരാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയില്‍ (Chris Gayle) രംഗത്തെത്തിയിരുന്നു. ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്ന ആഷസ് (Ashes) പരമ്പരയേക്കാള്‍ വലുതാണ് ലോകകപ്പിലെ ഇന്ത്യ-പാക് പോര് എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഇന്ത്യയിലെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗെയില്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.
'ആഷസിനേക്കാള്‍ വലിയ പോരാട്ടമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍. ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്ന്. ലോക വേദിയില്‍ ഈ രണ്ട് ടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ കോടിക്കണക്കിന് ആളുകളാണ് ആ മത്സരം കാണുന്നത്. ഒക്‌ടോബര്‍ 15ന് എന്തായിരിക്കും സംഭവിക്കുക എന്ന് കാണാനായി ഞാനും കാത്തിരിക്കുകയാണ്' ക്രിസ് ഗെയില്‍ പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെ കുറിച്ചും ഗെയില്‍ സംസാരിച്ചു. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും ആയിരിക്കും ഇന്ത്യന്‍ ടീമിന്‍റെ കീ പ്ലെയേഴ്‌സ് എന്നും വിന്‍ഡീസ് ഇതിഹാസം അഭിപ്രായപ്പെട്ടു.