വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്‍റെയും സെഞ്ച്വറി, കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ്... ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ ടീം ഇന്ത്യ വമ്പന്‍ ജയം നേടിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത് ഇവരുടെ പ്രകടനങ്ങളാണ്. എന്നാല്‍, മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലാക്കിയത് ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറും ചേര്‍ന്നാണ്. പാകിസ്ഥാന്‍ ബാറ്റിങിന്‍റെ നെടുംതൂണുകളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ മടക്കിക്കൊണ്ടായിരുന്നു ഇവര്‍ കളിയുടെ ഗതിതന്നെ മാറ്റിയെഴുതിയത്...
357 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ നഷ്‌ടപ്പെട്ടിരുന്നു. ഇതോടെ മൂന്നാം നമ്പറില്‍ ഐസിസി ഏകദിന ഒന്നാം നമ്പര്‍ (ICC ODI NO1 Batter) ബാബര്‍ അസം ക്രീസിലേക്കെത്തി. അഞ്ചാമത്തെ ഓവറിലായിരുന്നു ബാബര്‍ ബാറ്റ് ചെയ്യാന്‍ എത്തിയത്. ജസ്‌പ്രീത് ബുംറയേയും (Jasprit Bumrah) മുഹമ്മദ് സിറാജിനെയും (Mohammed Siraj) ബൗണ്ടറി പായിച്ച് പാക് നായകന്‍ റണ്‍സും കണ്ടെത്തിയതോടെ ടീം ഇന്ത്യ അപകടം മണത്തു.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പന്തെറിയാനായി കൊണ്ടുവന്നത്. പാണ്ഡ്യ പന്തെറിയാന്‍ എത്തുമ്പോള്‍ പാക് നായകന്‍ ബാബര്‍ അസം ആയിരുന്നു ബാറ്റിങ് എന്‍ഡില്‍. പാണ്ഡ്യയുടെ ആദ്യ മൂന്ന് പന്തും കരുതലോടെയാണ് ബാബര്‍ കളിച്ചത്. ഈ മൂന്ന് പന്തില്‍ താരത്തിന് റണ്‍സൊന്നും നേടാനും സാധിച്ചിരുന്നില്ല. നാലാം പന്തില്‍ ബാബറിന്‍റെ സ്റ്റമ്പ് തെറിപ്പിക്കാന്‍ പാണ്ഡ്യയ്‌ക്ക് സാധിച്ചു.