സതാംപ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴക്കളി. നാലാം ദിനവും മഴയെത്തുടര്‍ന്ന് നിശ്ചിത സമയത്ത് മത്സരം തുടങ്ങാനായില്ല. പ്രദേശത്ത് ചാറ്റല്‍ മഴ തുടരുന്നതായാണ് റിപ്പോര്‍ട്ട്. മഴ മാറിയാലും ഔട്ട് ഫീൽഡ് നനഞ്ഞു കിടക്കുന്നതിനാൽ ഇന്നത്തെ ദിവസം മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം പൂര്‍ണമായും മഴയെടുത്തപ്പോള്‍ രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തിയിരുന്നു. നിലവില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റൺസിന് മറപടിക്കിറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്.
also read:ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഹീറോയായി പിന്നാലെ കൊവിഡും, ഗില്‍മർ നിരീക്ഷണത്തില്‍
12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ. ഓപ്പണര്‍മാരായ ടോം ലാഥം, ഡെവന്‍ കോണ്‍വേ എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 104 പന്തില്‍ 30 റണ്‍സെടുത്ത ടോം ലാഥം അശ്വിന്‍റെ പന്തില്‍ വിരാട് കോലി പിടികൂടി പുറത്താവുകയായിരുന്നു.
153 പന്തില്‍ 54 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയെ ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ മുഹമ്മദ് ഷമിയും പിടികൂടി. ഇന്ത്യന്‍ നിരയില്‍ 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റന്‍ വിരാട് കോലി 44 റൺസെടുത്തു. ന്യൂസിലന്‍ഡിനായി കെയ്ൽ ജാമിസൺ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.