കാണ്‍പൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ 345 റണ്‍സിന് ഓൾ ഔട്ട്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടിം സൗത്തിയാണ് ഇന്ത്യൻ കുതിപ്പിന് പ്രഹരമേൽപ്പിച്ചത്.
നാല് വിക്കറ്റ് നഷ്ടത്തിൽ 258 റണ്‍സ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് രവീന്ദ്ര ജഡേജ(50) യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ വൃദ്ധിമാൻ സാഹ (1) റണ്‍സെടുത്ത് വളരെ പെട്ടന്ന് തന്നെ കൂടാരം കയറി. ശ്രേയസ് അയ്യർ(105), അക്സർ പട്ടേൽ(3), രവിചന്ദ്രൻ അശ്വിൻ(38), ഇഷാന്ത് ശർമ്മ(0) എന്നിവരാണ് ഇന്ന് പുറത്തായ മറ്റ് താരങ്ങൾ.
അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറിയുമായി തിളങ്ങിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ നട്ടെല്ലായി മാറിയത്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടുന്ന 16-ാ മത്തെ താരം എന്ന റെക്കോഡും അയ്യർ സ്വന്തമാക്കി. 171 പന്തുകളിൽ നിന്ന് 13 ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെയാണ് ശ്രേയസ് 105 റണ്‍സ് നേടിയത്.