മുംബൈ :ഐപിഎല്‍ 2024 സീസണിന് മുന്‍പായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ (Rohit Sharma) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ക്യാപ്‌റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയത് അടുത്തിടെ ക്രിക്കറ്റ് ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് വിട്ടെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ രോഹിതിന്‍റെ പകരക്കാരനായി മുംബൈ നിയോഗിച്ചത് ചെറുതായിട്ടൊന്നുമായിരുന്നില്ല ആരാധകരെ രോഷത്തിലാക്കിയത്. എന്നാല്‍, ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മറ്റൊരു ട്വീറ്റാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ആയിരുന്നു പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയകനായ 16 അംഗ സ്ക്വാഡിനെയായിരുന്നു ബിസിസിഐ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ടീമിനെ കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് മുംബൈ ഇന്ത്യന്‍സ് ഒഫീഷ്യല്‍ എക്‌സ് പേജില്‍ ഒരു പോസ്റ്റ് പങ്കുവച്ചു.
ഈ പോസ്റ്റില്‍ നിന്നും രോഹിത് ശര്‍മയുടെ ചിത്രം ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത് (Rohit Sharma Image Not Included In Mumbai Indians Poster). കെഎല്‍ രാഹുല്‍, ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റനും മുംബൈ ഇന്ത്യന്‍സ് താരവുമായ ജസ്‌പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു മുംബൈ പങ്കിട്ട പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയ ആരാധകര്‍ ഫ്രാഞ്ചൈസി അറിഞ്ഞുകൊണ്ട് തന്നെ രോഹിതിന്‍റെ ചിത്രം ഒഴിവാക്കിയതാണ് എന്ന് ആരോപിക്കുകയും ചെയ്‌തു.