മാഞ്ചസ്റ്റര്‍:ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയാണ് റിഷഭ് പന്ത് തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. മുന്‍നിര താരങ്ങള്‍ വേഗം തിരിച്ച് കയറിയപ്പോള്‍ പരുങ്ങലിലായ ഇന്ത്യയെ പുറത്താവാതെ നിന്നാണ് പന്ത് വിജയ തീരത്ത് എത്തിച്ചത്. 113 പന്തില്‍ 16 ഫോറും രണ്ട് സിക്‌സും സഹിതം 125 റൺസാണ് താരം നേടിയത്.
വ്യക്തിഗത സ്‌കോര്‍ വെറും 18 റണ്‍സില്‍ നില്‍ക്കെ സ്റ്റംപിങ്ങിലൂടെ താരത്തെ പുറത്താക്കാനുള്ള അവസരം ഇംഗ്ലണ്ടിന് ഉണ്ടായിരുന്നു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ക്യാപ്‌റ്റന്‍ ജോസ് ബട്‌ലറാണ് ഇത് നഷ്‌ടപ്പെടുത്തിയത്. തുടര്‍ന്ന് കത്തിക്കയറിയ താരം ഇന്ത്യയ്‌ക്ക് മത്സരവും പരമ്പരയും സമ്മാനിക്കുകയും ചെയ്‌തു.
പിന്നാലെ പന്തിനെ പുകഴ്‌ത്തി രംഗത്തെത്തിയ ഇംഗ്ലീഷ് ക്യാപ്‌റ്റന്‍റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. റിഷഭ് പന്ത് നിര്‍ഭയനായ കളിക്കാരനും അസാധാരണ പ്രതിഭയുമാണെന്നാണ് ബട്‌ലര്‍ പറഞ്ഞത്.