എഡ്ജ്ബാസ്റ്റണ്: എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന് പിന്നാലെ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയുടെ ഫലം തെറ്റായി പ്രചരിപ്പിച്ച ഇംഗ്ലണ്ടിന്‍റെ ആരാധകക്കൂട്ടമായ ബാർമി ആർമിക്കെതിരെ ഇന്ത്യന്‍ മുന്‍ സ്പിന്നർ അമിത് മിശ്ര. എഡ്‍ജ്‍ബാസ്റ്റണില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയാണ് ബാർമി ആർമി പരമ്പരയുടെ ഫലം തെറ്റായി ട്വീറ്റ് ചെയ്‌തത്. മത്സരത്തില്‍ താരമായി തിരഞ്ഞടുക്കപ്പെട്ട ജോണി ബെയർസ്റ്റോയുടെ ചിത്രം സഹിതം 1-0ന് ഇംഗ്ലണ്ട് പരമ്പര നേടി എന്നായിരുന്നു ഇംഗ്ലീഷ് ആരാധകപ്പട ട്വീറ്റ് ചെയ്‌തത്.
ഇംഗ്ലണ്ട് അവരുടെ എക്കാലത്തേയും മികച്ച റണ്‍ചേസ് പൂർത്തിയാക്കി എന്ന കുറിപ്പും ഇതോടൊപ്പമുണ്ടായിരുന്നു. ഈ ട്വീറ്റിനെതിരെയാണ് അമിത് മിശ്ര രംഗത്തെത്തിയത്. 'സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ ഇല്ലാതാക്കുന്ന ബ്രിട്ടീഷും അവരുടെ സ്വഭാവവും' എന്നാണ് ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ട് അമിത് മിശ്ര കുറിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര പരമ്പരയ്‌ക്കിടെ കൊവിഡിനെത്തുടര്‍ന്ന് മാറ്റി വെച്ച മത്സരമാണ് എഡ്‌ജ്‌ബാസ്റ്റണില്‍ പൂര്‍ത്തിയാത്. പരമ്പരയില്‍ 2-1ന്‍റെ ലീഡുമായാണ് ഇന്ത്യ എഡ്‌ജ്‌ബാസ്റ്റണില്‍ കളിക്കാനിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ തോറ്റതോടെ പരമ്പര 2-2ന് സമനിലയാവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ് ഇന്ത്യയ്‌ക്കെതിരെ നേടിയത്. നേരത്തെ 2019ൽ ഓസ്‌ട്രേലിയക്കെതിരെ 359 റൺസ് ചേസ് ചെയ്‌ത റെക്കോഡാണ് ഇംഗ്ലണ്ട് തിരുത്തിക്കുറിച്ചത്. അതോടൊപ്പം, എഡ്‌ജ്‌ബാസ്റ്റണിൽ ചെയ്‌സ് ചെയ്യുന്ന ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡും ഇംഗ്ലണ്ട് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
also read: തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി; കുറഞ്ഞ ഓവര്‍ നിരക്കിന് നഷ്ടമായത് 2 പോയിന്‍റ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന് പിന്നിലേക്ക് വീണു