മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയത്തിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് തിരിച്ചടി. ക്യാപ്റ്റന്‍ രോഹിത് ശർമ്മയെ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഏകദിന പരമ്പരയ്‌ക്കിടെ തള്ളവിരലിനേറ്റ പരിക്ക് ഭേദമാകാത്ത താരത്തെ മത്സരത്തില്‍ നിന്നും ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു.
പരിക്ക് മാറിയ താരം രണ്ടാം ടെസ്റ്റിനിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത്തിന് മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും നഷ്‌ടമായിരുന്നു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി താരം നാട്ടിലേക്ക് മടങ്ങിയിരുന്നു.
രോഹിത് ഇതുവരെ പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നും ബിസിസിഐ മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണെന്നും ബോർഡ് അറിയിച്ചു. രോഹിത്തിന് പുറമെ പരിക്കേറ്റ പേസര്‍ നവ്ദീപ് സൈനിയും പരമ്പരയില്‍ നിന്നും പുറത്തായതായി ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
വയറിലെ പേശിവലിവാണ് താരത്തിന് തിരിച്ചടിയായത്. രോഹിത്തിന്‍റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മിർപൂരിൽ ഡിസംബർ 22 മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
രണ്ട് മത്സര പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ വിജയിച്ചിരുന്നു. ചിറ്റഗോങ്ങില്‍ നടന്ന മത്സരത്തില്‍ 188 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ സ്‌ക്വാഡ്:കെഎൽ രാഹുൽ (സി), ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പുജാര (വിസി), വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, സൗരഭ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്.
Also read:pak vs eng: സ്വന്തം മണ്ണില്‍ നാണം കെട്ട് പാകിസ്ഥാന്‍; ടെസ്റ്റ് പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്