നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 26 പന്തില്‍ 12 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്. ചേതേശ്വര്‍ പുജാരയ്‌ക്ക് പിന്നാലെ ക്രീസിലെത്തിയ താരം ആദ്യ റണ്ണെടുക്കാന്‍ എട്ട് പന്തുകളാണ് നേരിട്ടത്.
ടോഡ് മര്‍ഫിയ്‌ക്കെതിരെ ബൗണ്ടറി നേടിയായിരുന്നു കോലിയുടെ തുടക്കം. പിന്നീട് ഒരു ബൗണ്ടറി കൂടി അടിച്ച് നല്ല ടച്ചിലാണെന്നും കോലി തോന്നിപ്പിച്ചു. എന്നാല്‍ തുടര്‍ന്നെത്തിയ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ കോലിയെ മര്‍ഫി തിരികെ കയറ്റുകയായിരുന്നു.
ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ഫ്‌ളിക്ക് ഷോട്ടിനായുള്ള കോലിയുടെ ശ്രമം വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യിലാണ് അവസാനിച്ചത്. താരത്തിന്‍റെ ബാറ്റിലും പാഡിലും ഉരസിയ പന്ത് ജഗ്‌ളിങ് ക്യാച്ചിലൂടെയാണ് ക്യാരി കയ്യിലൊതുക്കിയത്. ഔട്ടാകാന്‍ സാധ്യത കുറഞ്ഞ പന്തിലായിരുന്നു കോലിയുടെ പുറത്താവലെന്നത് നിരാശയായി.
കോലിയുടേത് ഏറ്റവും മോശം രീതിയിലുള്ള പുറത്താലാണെന്നാണ് കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് പറഞ്ഞത്. പുറത്താവാന്‍ ഒട്ടനവധി വഴികളുണ്ടെന്നും താരം പറഞ്ഞു.
ALSO READ:ഓസീസിനെതിരെ സെഞ്ചുറി; അപൂര്‍വ നേട്ടവുമായി രോഹിത് ശര്‍മ