നാഗ്‌പൂർ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ടോസ് വൈകുന്നു. കനത്ത മഴയെത്തുടർന്ന് നാഗ്‌പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വിസിഎ) സ്റ്റേഡിയത്തിന്‍റെ ഔട്ട്‌ഫീൽഡിൽ ഉണ്ടായ നനവ് പൂർണമായും മാറ്റാൻ കഴിയാത്തതിനാലാണ് ടോസ് വൈകുന്നത്. എട്ട് മണിക്കുള്ള അടുത്ത പരിശോധനയ്‌ക്ക് ശേഷം മത്സരം എപ്പോൾ തുടങ്ങണമെന്ന കാര്യത്തിൽ അമ്പയർമാർ തീരുമാനമെടുക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാഗ്‌പൂരിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് ടീമുകൾക്ക് പരിശീലനത്തിന് ഇറങ്ങാനും സാധിച്ചിരുന്നില്ല. അതേസമയം ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്ക് പരമ്പരയിലേക്ക് തിരിച്ചെത്താൻ ഇന്നത്തെ മത്സരത്തിലെ വിജയം ഏറെ അനിവാര്യമാണ്.
മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. 209 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാത്ത ബോളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് 14 ഓവറില്‍ വഴങ്ങിയത് 150 റണ്‍സാണ്.
സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും അടിവാങ്ങിക്കൂട്ടിയപ്പോള്‍ തിളങ്ങാന്‍ കഴിഞ്ഞത് അക്‌സര്‍ പട്ടേലിന് മാത്രമാണ്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ അക്‌സര്‍ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി. അക്‌സറൊഴികെ പന്തെറിഞ്ഞ എല്ലാവരുടേയും ഇക്കോണമി 11ന് മുകളിലാണ്. അതിനാൽ തന്നെ ബോളർമാർ പിടിമുറുക്കിയില്ലെങ്കിൽ ഇന്നത്തെ മത്സരം ഇന്ത്യക്ക് കൈവിടേണ്ടതായി വരും.
മറുവശത്ത് ബാറ്റിങ് യൂണിറ്റിന്‍റെ പ്രകടനം ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്‍ നിന്നും ഒരു വലിയ ഇന്നിങ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫിനിഷര്‍ റോളിൽ ദിനേശ് കാർത്തിക്കും തിളങ്ങേണ്ടതുണ്ട്.