ചെപ്പോക്ക്: വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ആറ് വിക്കറ്റ് ജയം (India vs Australia Match Result). രണ്ട് റണ്‍സിനിടെ തുടക്കത്തിലെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായ ഇന്ത്യയെ കോലി-രാഹുല്‍ കൂട്ടുകെട്ട് നേടിയ 165 റണ്‍സാണ് വിജയതീരത്തെത്തിച്ചത്. 115 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 97 റണ്‍സ് നേടിയ രാഹുലാണ് ഇന്ത്യയ്‌ക്കായി വിജയറണ്‍ നേടിയത്. രാഹുല്‍ തന്നെയാണ് മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച്.
116 പന്തുകളില്‍ ആറ് ഫോര്‍ ഉള്‍പ്പെടെ വിരാട് കോലി 85 റണ്‍സ് നേടി. 48-ാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കോലിയെ ലബുഷെയ്‌ന്‍റെ കൈകളില്‍ എത്തിച്ച് ഹേസല്‍വുഡാണ് പുറത്താക്കിയത്. രാഹുലിനൊപ്പം ഹാര്‍ദിക്(11) പുറത്താവാതെ നിന്നു.
നേരത്തെ ഓപ്പണര്‍മാരായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മയും(0) ഇഷാന്‍ കിഷനും(0) മറുപടി ബാറ്റിങ്ങില്‍ ഇന്ന് നിരാശപ്പെടുത്തിയിരുന്നു. രോഹിതിനെ ഹേസല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ കിഷനെ മിച്ചല്‍ സ്റ്റാര്‍ക്ക് കാമറൂണ്‍ ഗ്രീനിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യരും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഹേസല്‍വുഡിന് തന്നെയാണ് വിക്കറ്റ്. നാലാം വിക്കറ്റില്‍ ഒന്നിച്ച കോലിയും രാഹുലും പിന്നീട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും കരുതലോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്.
38-ാം ഓവറില്‍ കോലി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 167 റണ്‍സിലെത്തിയിരുന്നു. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ മത്സരത്തില്‍ ഫിനിഷിങ് നടത്തുകയായിരുന്നു. 41.2 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ഓസ്‌ട്രേലിയക്കായി ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്‌ത്തി.
ആദ്യ ബാറ്റിങ്ങില്‍ ഇന്ത്യയുടെ സ്‌പിന്‍ കുരുക്കില്‍ വീണുപോയ ഓസ്‌ട്രേലിയ 199 റണ്‍സ് എന്ന ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടായിരുന്നു. 71 പന്തുകളില്‍ 46 റണ്‍സെടുത്ത സ്‌റ്റീവ് സ്‌മിത്താണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. സ്‌മിത്തിന് പുറമെ 52 പന്തുകളില്‍ 41 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഓസീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ (34 പന്തില്‍ 28) പ്രകടനവും നിര്‍ണായകമായി. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.