ചെപ്പോക്ക്: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കുന്നതില്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ (Ravindra Jadeja) പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമായിരുന്നു. തന്‍റെ 10 ഓവറില്‍ വെറും 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ജഡ്ഡു വീഴ്‌ത്തിയത്. ഓസീസിന്‍റെ ടോപ് സ്‌കോററായ സ്‌റ്റീവ് സ്‌മിത്തിനെ (71 പന്തുകളില്‍ 46) ബൗള്‍ഡാക്കിക്കൊണ്ടായിരുന്നു ജഡേജയുടെ തുടക്കം.
പിന്നാലെ മാര്‍നെസ് ലബുഷെയ്‌നെ (41 പന്തുകളില്‍ 27) വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യില്‍ എത്തിച്ച താരം ഇതേ ഓവറില്‍ അലക്‌സ് കാരിയെ (2 പന്തുകളില്‍ 0) വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഓസീസിന്‍റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രതികരിച്ചിരുന്നു (Dinesh Karthik prediction on Ravindra Jadeja in India vs Australia Cricket World Cup 2023 match).
ടോസിന് ശേഷം ചെപ്പോക്ക് പിച്ചിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട്, ഈ പിച്ചില്‍ പന്ത് കുത്തിത്തിരിയുമെന്നും രവീന്ദ്ര ജഡേജയ്‌ക്ക് ഒരു മികച്ച ദിനമായിരിക്കും ഇതെന്നുമായിരുന്നു ദിനേശ് കാര്‍ത്തിക് എഴുതിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് ജഡേജയടക്കമുള്ള ഇന്ത്യന്‍ ബോളര്‍മാര്‍ അച്ചടക്കം പുലര്‍ത്തിയതോടെ 199 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു.