നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയ ശില്‍പിയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയാണ് ജഡേജ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ആകെ ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു.
ഇതോടെ നാഗ്‌പൂരിലെ താരമായും 34കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മത്സരത്തിന് ശേഷം ജഡേജയെ തേടിയെത്തിയ വാര്‍ത്ത അത്ര സുഖകരമല്ല. ഫീൽഡ് അമ്പയർമാരെ അറിയിക്കാതെ വിരലില്‍ വേദനയ്‌ക്കുള്ള ക്രീം പുരട്ടിയതിന് ജഡേജയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി.
ഇതോടൊപ്പം ഒരു ഡീമെറിറ്റ് പോയിന്‍റും താരത്തിന് വിധിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.20ന്‍റെ ലംഘനമാണ് ജഡേജ നടത്തിയിരിക്കുന്നതെന്നും ഐസിസി അറിയിച്ചു. ജഡേജ കുറ്റം സമ്മതിച്ചിട്ടുണ്ട്.
നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ഒന്നാം ദിനമാണ് ഐസിസി നടപടിക്ക് ആസ്‌പദമായ സംഭവം നടന്നത്. പന്തെറിയാനെത്തിയ ജഡേജയ്‌ക്ക് സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അത് വിരലിൽ തേക്കുന്നതിന്‍റേയും ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ജഡേജ വിരലിലും പന്തിലും കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ചില ഓസീസ് മാധ്യമങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.
ഇതോടെ സംഭവത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് ഐസിസി മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിന് വിശദീകരണവും നല്‍കിയിരുന്നു. ജഡേജ തന്‍റെ വിരലില്‍ വേദനയ്‌ക്കുള്ള ക്രീം പുരട്ടിയതാണെന്നാണ് മാനേജ്‌മെന്‍റ് മാച്ച് റഫറിയെ അറിയിച്ചത്. ഇന്ത്യയുടെ വാദം അംഗീകരിച്ച ഐസിസി ഫീൽഡ് അമ്പയർമാരെ അറിയിക്കാത്തതിനാണ് താരത്തിനെതിരെ നടപടി എടുത്തിരിക്കുന്നത്.