ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30നാണ് കളി ആരംഭിക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയിരുന്നു.
മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ച് കയറിപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിത്തില്‍ 10 വിക്കറ്റിന്‍റെ ജയം പിടിച്ച ഓസീസ് ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഇതോടെ ഇന്ന് ചെപ്പോക്കില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പരയും സ്വന്തമാക്കാം.
ഓസീസ് പേസ് നിരയ്‌ക്കെതിരെ രോഹിത് ശർമ, വിരാട് കോലി, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങള്‍ ഉണര്‍ന്ന് കളിച്ചാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ളു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പേരിനൊത്ത പ്രകടനം നടത്താതെ തീര്‍ത്തും ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ നടത്തിയത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ സ്‌പെല്‍ തന്നെ ആതിഥേയര്‍ക്ക് കടുത്ത ആഘാതമായിരുന്നു നല്‍കിയത്.
രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയ സൂര്യകുമാര്‍ യാദവ് ഇന്ന് ശ്രദ്ധാകേന്ദ്രമാകുമെന്നുറപ്പ്. മുംബൈയിലും വിശാഖപട്ടണത്തും ഏതാണ്ട് സമാനമായ രീതിയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു ടി20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ തിരിച്ച് കയറിയത്. ഇതോടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന താരത്തെ പിന്തുണച്ചുകൊണ്ട് മുഖ്യപരിശീകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരുന്നു.
സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്നായിരുന്നു ദ്രാവിഡിന്‍റെ വാക്കുകള്‍. ടി20യും ഏകദിനവും വ്യത്യസ്‌ത ഫോര്‍മാറ്റുകളാണ്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാത്തത് താരത്തിന്‍റെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. നാലാം നമ്പറില്‍ കളിക്കാനിറങ്ങുന്ന സൂര്യയെ ഒരു സ്ഥാനം താഴ്‌ത്തി കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.