ഇന്‍ഡോര്‍:അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ടീം ഇന്ത്യ നാളെ ഇറങ്ങും. ഇന്‍ഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മുതല്ക്കാണ് കളി ആരംഭിക്കുക. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു.
ഇതോടെ നാളെ ഇന്‍ഡോറില്‍ കളി പിടിച്ചാല്‍ മൂന്ന് ടി20കളടങ്ങിയ പരമ്പരയില്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. (India vs Afghanistan 2nd T20I Preview). ആദ്യ ടി20 കളിക്കാതിരുന്ന വിരാട് കോലി (Virat Kohli) തിരികെ എത്തുന്നതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുറപ്പാണ്. തിലക് വര്‍മയാവും കോലിയ്ക്ക് വഴിയൊരുക്കുക. 2022-ലെ ടി20 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് കോലി ഇന്ത്യയ്ക്കായി ഫോര്‍മാറ്റില്‍ ഇറങ്ങുന്നത്.
പരിശീലനത്തിനിടെ നേരിയ പരിക്കേറ്റതിനെ തുടര്‍ന്ന് യശസ്വി ജയ്സ്വാളിന് ആദ്യ ടി20യില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരിക്ക് മാറി യശസ്വി മടങ്ങിയെത്തുകയാണെങ്കില്‍ ആദ്യ ടി20യില്‍ രോഹിത്തിനൊപ്പം ഓപ്പണറായ ശുഭ്മാന്‍ ഗില്ലിന് പുറത്തിരിക്കേണ്ടി വന്നേക്കും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തുടരാനാണ് സാധ്യത.
ഇതോടെ സഞ്ജു സാംസണും അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ബോളിങ് യൂണിറ്റില്‍ മാറ്റത്തിന് സാധ്യതയില്ല. അര്‍ഷ്ദീപ് സിങ്ങും മുകേഷ് കുമാറും പേസ് യൂണിറ്റിന്റെ ചുമതല വഹിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവരാവും സ്പിന്‍ കൈകാര്യം ചെയ്യുക. ആറാം ബോളറായി ശിവം ദുബെയേയും രോഹിത്തിന് ഉപയോഗിക്കാം.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവന്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ/യശസ്വി ജയ്സ്വാൾ, വിരാട് കോലി, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ്), റിങ്കു സിങ്, അക്സർ പട്ടേൽ, വാഷിങ്ടണ്‍ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ. (India probable playing XI against Afghanistan).