മൊഹാലി :അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് ഇറങ്ങും (India vs Afghanistan 1st T20I). മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെയാണ് വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ തുടങ്ങുന്നത്.
ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ടീം ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര ടി20 പരമ്പരയാണിത്. 14 മാസത്തിന് ശേഷം നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയും (Rohit Sharma) ബാറ്ററായി വിരാട് കോലിയും (Virat Kohli) ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്‌ക്കുണ്ട്. കൂടാതെ, ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ഇരുവരും ആദ്യമായി കളിക്കാനിറങ്ങുന്ന ലിമിറ്റഡ് ഓവര്‍ പരമ്പരയാകും ഇത്.
അതേസമയം, വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അഫ്‌ഗാനെതിരായ ആദ്യ മത്സരത്തില്‍ വിരാട് കോലി കളിക്കുന്നില്ല. പരിക്കിന്‍റെ പിടിയിലുള്ള സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമില്‍ ഇല്ല. കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നപ്പോള്‍ പേസര്‍മാരായ ജസ്‌പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ടി20 ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയായിരിക്കും ആദ്യ ടി20യില്‍ ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതോടെ, ഗില്ലിന് സ്ഥാനം നഷ്‌ടമായേക്കുമെന്ന് ഉറപ്പ്. കോലിയും സൂര്യയും ശ്രേയസും ഇല്ലാത്ത സാഹചര്യത്തില്‍ മൂന്നാം നമ്പറിലായിരിക്കും ഗില്‍ ഇന്ന് ബാറ്റ് ചെയ്യാനെത്തുക.