ബ്രിസ്‌ബെയിൻ: ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾക്കായി ഓസ്ട്രേലിയയിലേക്ക് യാത്രതിരിക്കാൻ ആലോചിക്കുമ്പോൾ ഇന്ത്യൻ ടീമിന്‍റെ പ്രതീക്ഷകൾ വാനോളമായിരുന്നു. പക്ഷേ രോഹിത് ശർമയും ഇശാന്ത് ശർമയും പരിക്കേറ്റ് പുറത്ത് പോയതോടെ പ്രതീക്ഷകൾക്ക് ചെറിയ മങ്ങലേറ്റു. അതൊന്നും കാര്യമാക്കാതെ ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറി. ഏകദിന, ടി-20 പരമ്പരകൾ കഴിഞ്ഞു. ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ അഡ്‌ലെയ്‌ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ജീവൻ മരണ പോരാട്ടം നടത്തി. വിജയം സ്വന്തമാക്കുമ്പോൾ പക്ഷേ ഇന്ത്യയ്ക്ക് രണ്ട് മികച്ച താരങ്ങളെ പരിക്കിന്‍റെ പേരില്‍ നഷ്ടമായിരുന്നു. പേസർമാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിൻമാറി. അതിനിടെ, പരിശീലനത്തിനിടെ പരിക്കേറ്റ മായങ്ക് അഗർവാളും കെഎല്‍ രാഹുലും ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന സൂചനയാണ് ടീം മാനേജ്‌മെന്‍റ് നല്‍കുന്നത്.
മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോൾ പരമ്പര പിടിക്കാനുള്ള തീവ്രമായ ആഗ്രഹത്തിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ ഓസ്ട്രേലിയൻ താരങ്ങൾ പന്തുകൊണ്ടും വാക്കുകൾ കൊണ്ടും ഇന്ത്യയെ മുറിവേല്‍പ്പിച്ചപ്പോൾ വിജയതുല്യമായ സമനിലയാണ് ഇന്ത്യ സിഡ്‌നിയില്‍ നേടിയത്. സിഡ്‌നിയില്‍ ആദ്യം രവി ജഡേജ പരിക്കേറ്റ് പിൻമാറി. റിഷഭ് പന്ത് പരിക്കേറ്റിട്ടും രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തുകയും 97 റൺസുമായി ടോപ് സ്കോററാകുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യയുടെ മധ്യനിരയെ താങ്ങി നിർത്തിയ ഹനുമ വിഹാരിയും സ്പിന്നർ രവി അശ്വിനും പുറം വേദനയും നടുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പല തവണ വേദന സംഹാരി കഴിച്ചാണ് മത്സരം പൂർത്തിയാക്കിയത്. ഒടുവില്‍ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ കൂടി പരിക്കിന്‍റെ പിടിയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരം കളിച്ച ജഡേജ, വിഹാരി, അശ്വിൻ, ബുംറ എന്നിവർ നാലാം ടെസ്റ്റിനുണ്ടാകില്ല.