ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം. ധോണിയുടെയും കേദാർ ജാദവിന്റെയും അർധ സെഞ്ച്വറികളുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. കേദാർ ജാദവാണ് കളിയിലെ താരം.
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ 237 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേർന്ന ധോണിയും കേദാർ ജാദവുമാണ് രക്ഷിച്ചത്. 87 പന്തില്‍ നിന്ന് 81 റൺസ് നേടിയ കേദാർ ജാദവാണ് കളിയിലെ താരം. 72 പന്തില്‍ നിന്ന് 59 റൺസെടുത്ത ധോണി അമരക്കാരനായപ്പോൾ ജാദവ് ആക്രമിച്ച് കളിക്കുകയാണ് ചെയ്തത്. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിക്കാതെ പരമാവധി സിംഗിൾസ് എടുത്താണ് ഇരുവരും സ്കോർബോർഡ് ചലിപ്പിച്ചത്.