കേരളം

kerala

By

Published : Dec 25, 2020, 3:35 PM IST

ETV Bharat / sports

ബോക്‌സിങ് ഡേ ടെസ്റ്റ്: ജഡേജ തിരിച്ചെത്തി, ഗില്ലും സിറാജും പന്തും കളിക്കും

ശുഭ്‌മാന്‍ ഗില്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരുടെ അരങ്ങേറ്റ ടെസ്റ്റ് കൂടിയാകും മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റ് മത്സരം.

ഇന്ത്യന്‍ ഇലവന്‍ വാര്‍ത്ത  ജഡേജ ടീമില്‍ വാര്‍ത്ത  indian ix news  jadeja in team news
ടീം ഇന്ത്യ

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടീം ഇന്ത്യ ഇറങ്ങുക നാല് മാറ്റങ്ങളുമായി. പരിക്ക് ഭേദമായ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അഡ്‌ലെയ്‌ഡിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പൃഥ്വി ഷാ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് ടീമിന് പുറത്തേക്ക് വഴി തെളിഞ്ഞു. പേസര്‍ മുഹമ്മദ് ഷമി പരിക്ക് കാരണവും വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാലും ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഷാക്ക് പകരം മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്ക് ശുഭ്‌മാന്‍ ഗില്ലാണ് എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ റിഷഭ് പന്തും ഷമിക്ക് പകരം മുഹമ്മദ് സിറാജും ടീമില്‍ ഇടം നേടി. വിരാട് കോലിക്ക് പകരക്കാരനെന്ന നിലയിലാണ് ജഡേജ ടീമില്‍ ഇടം നേടിയത്.

ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരുടെ ആദ്യത്തെ ടെസ്റ്റ് മത്സരം കൂടിയാകും മെല്‍ബണിലേത്. രണ്ട് സന്നാഹ മത്സരങ്ങളില്‍ നിന്നായി 127 റണ്‍സ് സ്വന്തമാക്കിയതാണ് ഗില്ലിന് തുണയായത്. നേരത്തെ പിങ്ക് ബോള്‍ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഷാ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. വിക്കറ്റിന് മുന്നിലെ മോശം പ്രകടനമാണ് സാഹക്കും തിരിച്ചടിയായത്. ആദ്യ ഇന്നിങ്സില്‍ ഒമ്പത് റണ്‍സെടുത്തും രണ്ടാമത്തെ ഇന്നിങ്സില്‍ നാല് റണ്‍സെടുത്തും സാഹ പുറത്തായിരുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി കാന്‍ബറയില്‍ നടന്ന ആദ്യ ടി 20 മത്സരത്തിലാണ് രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത്. തുടര്‍ന്നാണ് അദ്ദേഹത്തിന് വശ്രമം അനുവദിച്ചത്. ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ ഇടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ടീം ഇന്ത്യ കണ്‍സഷന്‍ സബ്‌റ്റിറ്റ്യൂട്ടിനെ വെച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്.

പരിക്കേറ്റ ഷമിക്ക് പകരം ടീമിലെത്തിയ മുഹമ്മദ് സിറാജ് ഇതിനകം ഒരു ഏകദിനവും മൂന്ന് ടി 20യുമാണ് കളിച്ചത്. അഡ്‌ലെയ്‌ഡില്‍ ടീം ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യവേ പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്ത് കയ്യില്‍ കൊണ്ടാണ് ഷമിക്ക് പരിക്കേറ്റത്.

ഭാര്യ അനുഷ്‌ക ശര്‍മ കുഞ്ഞിന് ജന്മം നല്‍കുന്ന പശ്ചാത്തലത്തിലാണ് വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത്. ജനുവരിയോടെ അനുഷ്‌ക, കോലി താര ദമ്പതികള്‍ക്ക് കുഞ്ഞു പിറക്കുമെന്നാണ് കരുതുന്നത്. വിരാട് കോലിയുടെ അസാന്നിധ്യത്തില്‍ അജിങ്ക്യാ രഹാനെ ടീം ഇന്ത്യയെ നയിക്കും. ചേതശ്വര്‍ പൂജാരയാണ് ഉപനായകന്‍. നാളെ ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിച്ച് സമനില പിടിക്കാനാകും ടീം ഇന്ത്യയുടെ ശ്രമം.

ABOUT THE AUTHOR

...view details