മെല്‍ബൺ: ആദ്യ മത്സരത്തിലെ ദയനീയ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിച്ചപ്പോൾ മെല്‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്ക് തകർച്ച. രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റൺസ് എന്ന നിലയിലാണ്. നാല് വിക്കറ്റുകൾ മാത്രം ശേഷിക്കെ രണ്ട് റൺസിന്‍റെ ലീഡ് മാത്രമാണ് ഓസീസിനുള്ളത്. നാളെ നാലാം ദിനം ശേഷിക്കുന്ന നാല് വിക്കറ്റുകൾ അതിവേഗം വീഴ്ത്തി ചെറിയ വിജയലക്ഷ്യം പിന്തുടരാനാകും ഇന്ത്യ ശ്രമിക്കുക.
നേരത്തെ, ഇന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 326 റൺസിന് ഓൾഔട്ടായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 131 റൺസിന്‍റെ ലീഡ് നേടി. സെഞ്ച്വറി നേടിയ നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. കരിയറില്‍ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് നായകൻ റൺ ഔട്ടാകുകയായിരുന്നു. രഹാനെയ്ക്ക് ശക്തമായ പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജ 57 റൺസെടുത്ത് പുറത്തായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാർക്കും നതാൻ ലിയോണും മൂന്ന് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും ഹാസില്‍ വുഡ് ഒരു വിക്കറ്റും നേടി.
തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഓസീസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. നാല് റൺസെടുത്ത ഓപ്പണർ ജോ ബേൺസിനെ പുറത്താക്കി ഉമേഷ് യാദവ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് മാർനസ് ലബുഷെയിനും മാത്യു വേഡും പിടിച്ചു നിന്നെങ്കിലും 28 റൺസെടുത്ത ലബുഷെയിനെ അശ്വിൻ പുറത്താക്കി. പിന്നീട് എത്തിയ സ്റ്റീവൻ സ്മിത്തിനും അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. എട്ടു റൺസെടുത്ത് സ്മിത്തും 17 റൺസെടുത്ത് ട്രവിസ് ഹെഡും ഒരു റൺസെടുത്ത് നായകൻ ടിം പെയ്നും പുറത്തായി. വേഡ് 40 റൺസെടുത്ത് പുറത്തായി. 17 റൺസുമായി കാമറൂൺ ഗ്രീനും 15 റൺസുമായി പാറ്റ് കമ്മിൻസുമാണ് ക്രീസില്‍.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ, സിറാജ്, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. മത്സരം അവസാനിക്കാൻ രണ്ട് ദിവസം കൂടി ശേഷിക്കെ മികച്ച സ്കോർ നേടിയാല്‍ മാത്രമേ ഓസീസിന് ഇന്ത്യയ്ക്ക് എതിരെ വിജയപ്രതീക്ഷ നിലനിർത്താൻ സാധിക്കൂ.
മത്സരത്തിനിടെ ഇന്ത്യൻ പേസ് ബൗളർ മസില്‍ വേദനയെ തുടർന്ന് മത്സരത്തില്‍ നിന്ന് പിൻമാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തെ പരിശോധിച്ചതായും ഉമേഷ് യാദവ് സ്‌കാനിങിന് വിധേയനാകുമെന്നും ബിസിസിഐ അറിയിച്ചു. ഉമേഷ് പരിക്കേറ്റ് പിൻമാറിയത് നാലാം ദിനം ഇന്ത്യൻ ബൗളിങിനെ ബാധിക്കുമെന്നുറപ്പാണ്.