കൊളംബോ:ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്‍റി-20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സ് നേടി. അർധശതകം നേടിയ സൂര്യകുമാർ യാദവിന്‍റെയും ക്യാപ്റ്റൻ ധവാന്‍റെയും കൂട്ടുകെട്ടാണ് ഇന്ത്യക്ക് മുതൽക്കൂട്ടായത്.
അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ ഡക്കായ പൃഥ്വി ഷായുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. ദുഷാന്ത ചമീരയുടെ പന്തിൽ വിക്കറ്റ് കീപ്പര്‍ മിനോദ് ഭാനുകക്ക് ക്യാച്ച് നൽകിയാണ് ഷാ മടങ്ങിയത്. തുടർന്നിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച ഫോമിൽ കളിച്ച് തുടങ്ങിയെങ്കിലും വനിന്ദു ഹസരങ്കയുടെ പന്തിൽ എൽ.ബിയിൽ കുരുങ്ങുകയായിരുന്നു. 20 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം.
ക്യാപ്റ്റൻ ധവാനും, സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടാണ് നൽകിയത്. എന്നാൽ ടീം സ്കോർ 113 ൽ വെച്ച് ചാമിക കരുണരത്‌നെ ധവാനെ ആഷൻ ബണ്ഡാരയുടെ കൈകളിലെത്തിച്ചു. 36 പന്തിൽ നിന്ന് 4 ഫോറും ഒരു സിക്സും സഹിതം 46 റണ്‍സായിരുന്നു ധവാൻ നേടിയിരുന്നത്.