മുംബൈ : മാർച്ച് 4 മുതൽ ന്യൂസിലാൻഡിൽ ആരംഭിക്കുന്ന ഐസിസി വനിത ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ബാറ്റർ ജമീമ റോഡ്രിഗസിനെയും പേസർ ശിഖ പാണ്ഡെയേയും ഒഴിവാക്കിയാണ് 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. മിതാലി രാജ് നയിക്കുന്ന ടീമിൽ ഹർമൻപ്രീത് കൗറാണ് വൈസ് ക്യാപ്‌റ്റൻ.
ലോകകപ്പിന് മുൻപായി ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങൾക്കുള്ള ടീമും ഇത് തന്നെയാണ്. അതേസമയം സമീപ കാലത്തെ മോശം പ്രകടനങ്ങളാണ് ജമീമയുടേയും ശിഖ പാണ്ഡെയുടേയും സ്ഥാനം തെറിപ്പിച്ചത്. വനിത ബിഗ് ബാഷ് ലീഗിൽ ജമീമ മികച്ച പ്രകടനം നടത്തിയെങ്കിലും ഏകദിനത്തിൽ താരത്തിന് തിളങ്ങാനായിരുന്നില്ല.
അതേസമയം വെറ്ററൻ താരം ജൂലൻ ഗോസ്വാമി ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ യസ്തിക ഭാട്ടിയ, സ്നേഹ് റാണ എന്നിവർ ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. 15 അംഗ താരങ്ങളെ കൂടാതെ മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബേ ഓവലിൽ മാർച്ച് ആറിന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 10ന് ന്യൂസിലാൻഡ്, 12ന് വെസ്റ്റ് ഇൻഡീസ്, 16ന് ഇംഗ്ലണ്ട്, 19ന് ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ ആദ്യ ഘട്ടത്തിൽ കളിക്കും. ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പര ഫെബ്രുവരി 11 നാണ് ആരംഭിക്കുക.