മുംബൈ:ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പരിക്കിന്‍റെ പിടിയിലുളള ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പകരം സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നയിക്കും (India vs Australia T20I Series). സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച (നവംബര്‍ 23) ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.
ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും സൂര്യയ്‌ക്ക് പുറമെ ഓസീസിനെതിരായ ടി20 പരമ്പരയ്‌ക്കിറങ്ങുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച റിതുരാജ് ഗെയ്‌ക്‌വാദാണ് വൈസ് ക്യാപ്‌റ്റന്‍. അതേസമയം, മലയാളി താരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബിസിസിഐ സ്ക്വാഡിലേക്ക് പരിഗണിച്ചില്ല.
ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ് എന്നീ യുവതാരങ്ങള്‍ക്കും ടീമില്‍ സ്ഥാനം നിലനിര്‍ത്താനായി. ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരാണ് ടീമിലിടം പിടിച്ചിരിക്കുന്നത്.
രവി ബിഷ്‌ണോയ് ആണ് സ്പിന്നര്‍. പ്രസിദ്ധിനൊപ്പം പേസര്‍മാരായി അര്‍ഷ്‌ദീപ് സിങ്ങും ആവേശ് ഖാനും മുകേഷ് കുമാറും ടീമിലേക്കെത്തി. അതേസമയം, വെറ്ററന്‍ താരം മാത്യു വെയ്‌ഡിന് കീഴിലാണ് പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയന്‍ ടീം ഇറങ്ങുന്നത്. പ്രധാന താരങ്ങളെല്ലാം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലും ഓസീസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.