എഡ്‌ജ്ബാസ്റ്റൺ : ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി - 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 170 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 170 റൺസെടുത്തു. 29 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 46 റൺസോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
രോഹിത് ശര്‍മയ്‌ക്കൊപ്പം ഋഷഭ് പന്താണ് ഇന്ന് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. രോഹിത്തും പന്തും തകര്‍ത്തടിച്ചതോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 29 പന്തിൽ നിന്ന് 49 റൺസ് അടിച്ചുകൂട്ടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
തലയറുത്ത് ഗ്ലീസൻ : 20 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത രോഹിത്തിനെ മടക്കി അരങ്ങേറ്റ താരം റിച്ചാർഡ് ഗ്ലീസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ കോലി ഇത്തവണയും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ നിന്ന് ഒരു റൺ മാത്രമെടുത്ത കോലി, ഗ്ലീസന്‍റെ പന്തിൽ ഡേവിഡ് മലാന്‍റെ തകർപ്പൻ ക്യാച്ചിലാണ് പുറത്തായത്.
നടുവൊടിച്ച് ജോർദാൻ : മികച്ച രീതിയിൽ ബാറ്റ് ചെയ്‌ത ഋഷഭ് പന്ത് ഗ്ലീസന്‍റെ തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. 15 പന്തിൽ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 26 റൺസെടുത്താണ് പന്ത് മടങ്ങിയത്. അധികം വൈകാതെ സൂര്യകുമാർ യാദവിനെയും ഹാർദിക് പാണ്ഡ്യയേയും മടക്കിയ ക്രിസ് ജോർദാൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 11 പന്തിൽ നിന്ന് 15 റൺസെടുത്താണ് സൂര്യകുമാർ മടങ്ങിയത്. 15 പന്തിൽ നിന്ന് 12 റൺസാണ് ഹാർദിക്കിന്‍റെ സമ്പാദ്യം.
പൊരുതിയത് ജഡേജ മാത്രം : പിന്നാലെ ദിനേഷ് കാർത്തിക്കും രവീന്ദ്ര ജഡേജയും ചേർന്ന് ടീമിനെ കരകയറ്റാൻ ശ്രമിക്കുന്നതിനിടെ 16-ാം ഓവറിൽ കാർത്തിക്ക് റണ്ണൗട്ടായി. 17 പന്തിൽ നിന്ന് 12 റൺസ് മാത്രമാണ് കാർത്തിക്കിന് നേടാനായത്. അവസാന ഓവറുകളില്‍ വാലറ്റക്കാരായ ഹര്‍ഷല്‍ പട്ടേലിനെ(13) കൂട്ടുപിടിച്ച് ജഡേജ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 170ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ നാലും റിച്ചാർഡ് ഗ്ലീസൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.