ഹാമിൽട്ടണ്‍: വനിത ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. സെമി പ്രതീക്ഷകൾക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 110 റണ്‍സിനാണ് ഇന്ത്യൻ പെണ്‍പുലികൾ വിജയിച്ച് കയറിയത്. ഇന്ത്യയുടെ 229 റണ്‍സ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 119 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.
വിജയത്തോടെ ഇന്ത്യ പോയിന്‍റ് പട്ടികയിൽ ആറ് പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിരയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. തകർച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. ഓപ്പണർ ഷർമിൻ അക്‌തറെ (5) തുടക്കത്തിൽ തന്നെ അവർക്ക് നഷ്ടമായി. പിന്നാലെയെത്തിയ ഫർഗന ഹഖ് (0) നിലയുറപ്പിക്കും മുന്നേ മടങ്ങി.
തുടർന്നെത്തിയ ക്യാപ്‌റ്റൻ നിഗാർ സുൽത്താനയും (3) വേഗം കൂടാരം കയറി. 16-ാം ഓവറിൽ മറ്റൊരു ഓപ്പണർ മുർഷിദ ഖാത്തൂൺ (19) പുറത്തായി. പിന്നാലെയെത്തിയ റുമാന അഹമ്മദ് (2) പുറത്തായതോടെ 35/5 എന്ന നിലയിൽ ബംഗ്ലാദേശ് തകർന്നടിഞ്ഞു.