ഓവല്‍ :ക്വീന്‍സ് ഓവലിലെ മൈതാനത്ത് ആടിത്തിമര്‍ത്ത ടീം ഇന്ത്യക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ്. 257 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റുവീശിയ വിന്‍ഡീസിന്‍റെ പടയോട്ടം 137 റണ്ണില്‍ അവസാനിച്ചു. 119 റണ്ണിന്‍റെ ആധികാരിക വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നും ഇന്ത്യ തൂത്തുവാരി. മഴ കൂടി സാന്നിധ്യമറിയിച്ച മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം പരിഗണിച്ചുകൂടിയായിരുന്നു ഇന്ത്യന്‍ വിജയം.
ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച മത്സരം കാഴ്ചവച്ച വിന്‍ഡീസ് അവസാന മത്സരത്തില്‍ ദുര്‍ബലമായിരുന്നു. നായകന്‍ ശിഖര്‍ ധവാന്‍റെ പിന്നില്‍ അണിനിരന്ന ടീം ഇന്ത്യയുടെ മുന്നേറ്റനിര തിളങ്ങിയതോടെ മത്സരം ഇന്ത്യ വരുതിയിലാക്കി. ബോളിങില്‍ യുസ്‌വേന്ദ്ര ചാഹലും, മുഹമ്മദ് സിറാജും, ഷാര്‍ദുല്‍ ഠാക്കൂറും മികച്ച പ്രകടനം പുറത്തടുത്തതോടെ പരമ്പരയുടെ ട്രോഫി ഇന്ത്യന്‍ ഷെല്‍ഫിലെത്തി.
ആവേശ് ഖാനെ പിന്‍വലിച്ച് പ്രസിദ്ധ് കൃഷ്ണ എന്ന മാറ്റവുമായിറങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്‌ടം 113 റണ്ണില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി തികച്ചുവെങ്കിലും അധികം വൈകാതെ മഴ കളി മുടക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഹൈഡന്‍ വാള്‍ഷ് വിന്‍ഡീസ് ക്യാമ്പിന് പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ന്നിറങ്ങിയ ശ്രേയസ് അയ്യരും ടീമിന് മികച്ച പിന്തുണ നല്‍കി. 44 റണ്‍ നേടിയ ശ്രേയസിനും, നിലയുറപ്പിക്കും മുമ്പ് കളംവിട്ട സൂര്യകുമാര്‍ യാദവിനും പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തി.
98 റണ്ണുമായി പുറത്താകാതെ ശുഭ്‌മാന്‍ ഗില്ലും, ഏഴ് റണ്ണുമായി സഞ്ജുവും ബാറ്റുവീശുമ്പോള്‍ രണ്ടാമതും മഴ മത്സരം മുടക്കി. ഇതോടെ 35 ഓവറില്‍ 257 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ കളി അവസാനിപ്പിക്കുകയും മത്സരം മഴനിയമത്തിലേക്ക് നീങ്ങുകയുമായിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന്‍റെയും, രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരുടെയും സാന്നിധ്യം ഇന്ത്യക്ക് നിര്‍ണായകമായി. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്‌മാന്‍ ഗില്ലാണ് മത്സരത്തിലെയും പരമ്പരയുടെയും താരം. ഞായറാഴ്ചയിലെ മുന്‍ മത്സര വിജയത്തോടെ ഏകദിനത്തില്‍ തുടര്‍ച്ചയായി 12 പരമ്പരകള്‍ നേടുന്ന ടീം എന്ന ലോക റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേസമയം, വിന്‍ഡീസുമായുള്ള ഇന്ത്യയുടെ ടി ട്വന്‍റി മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഇതില്‍ അഞ്ച് ടി ട്വന്‍റി മത്സരങ്ങളാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ളത്.