ന്യൂഡല്‍ഹി:ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ ഒരുമിച്ച് പറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായാണ് ഇരു ടീമുകളും ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ പറക്കുക. ഇതിന്‍റെ ഭാഗമായി ഇരു ടീമംഗങ്ങളും മെയ് 19 മുതല്‍ മുംബെെയിലെത്തും.
എന്നാല്‍ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചില താരങ്ങളുടെ യാത്ര വെെകാനിടയുണ്ട്. ഇക്കാരണത്താല്‍ മെയ് 24ലാണ് താരങ്ങള്‍ക്ക് ക്യാമ്പിലെത്താനുള്ള അവസാന തിയതിയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. മുംബെെയില്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാവും ഇരു ടീമുകളും യാത്ര തിരിക്കുക.
also read: വനിത ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചു
വിരാട് കോലി നയിക്കുന്ന പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും. ജൂണ്‍ 18നാണ് ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ നടക്കുക. ആഗസ്റ്റ് നാല് മുതല്‍ക്കാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. അതേസമയം മിതാലി രാജും സംഘവും ഇംഗ്ലണ്ടുമായി മൂന്ന് ഫോര്‍മാറ്റിലും കളിക്കും. ഒരു ടെസ്റ്റിന് പുറമെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷവും ഇരു ടീമുകളും ഒരാഴ്ച നിരീക്ഷത്തില്‍ കഴിയും. അതിന് ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക. അതേസമയം മുംബെെയില്‍ താമസിക്കുന്ന പുരുഷ താരങ്ങളൊഴികെ ക്യാമ്പില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളുടേയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിട്ടുണ്ട്.