ദുബൈ : ടി20 ലോകകപ്പില്‍ കനത്ത രണ്ടാം തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍താരവും കമന്‍റേറ്ററുമായ വിവിഎസ് ലക്ഷ്‌മണ്‍. ന്യൂസിലാന്‍ഡിന് ടീം ഇന്ത്യ അനായാസ വിജയം ഒരുക്കിക്കൊടുത്തെന്ന് ലക്ഷ്‌മണ്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ ഷോട്ട് സെലക്ഷനുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ചു.
'ന്യൂസിലാന്‍ഡിന് വിജയം എളുപ്പമാക്കിക്കൊടുത്തു' ; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ലക്ഷ്‌മണ്‍ - ടി20 ലോകകപ്പ്
ഇന്ത്യന്‍ താരങ്ങളുടെ ഷോട്ട് സെലക്ഷനുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ലക്ഷ്മണ്‍
'ടീം ഇന്ത്യയെ ഈ തോൽവി വേദനിപ്പിക്കണം. അവരുടെ ഷോട്ട് സെലക്ഷനുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ന്യൂസിലാന്‍ഡ് നന്നായി ബൗള്‍ചെയ്തു. എന്നാല്‍ ഇന്ത്യ അവരുടെ ജോലി എളുപ്പമാക്കിക്കൊടുത്തു. ഇന്ത്യയുടെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ വിദൂരമാണ്' -ലക്ഷ്‌മണ്‍ ട്വീറ്റ് ചെയ്‌തു.
ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് ഇന്ത്യ കിവീസിനോട് തോറ്റത്. ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 111 റണ്‍സ് വിജയ ലക്ഷ്യം 33 പന്തുകള്‍ ബാക്കി നല്‍ക്കെ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് മറികടന്നത്. ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ടീമിന്‍റെ സെമി പ്രതീക്ഷകള്‍ മങ്ങി.