ലണ്ടൻ:ക്രിക്കറ്റിന്‍റെ മെക്കയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഐതിഹാസിക വിജയം. ലോർഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 275 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനെ 120 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 151 റണ്‍സിന്‍റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.സ്കോർ: ഇന്ത്യ 364 & 298/8 ഡിക്ലയേർഡ്, ഇംഗ്ലണ്ട് 391 & 120
നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കിയത്. കളം നിറഞ്ഞാടിയ സിറാജ് രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റാണ് വീഴ്ത്തിയത്. എന്നാൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ സ്‌പിന്നർമാർക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.
എറിഞ്ഞിട്ട് ബൗളർമാർ
272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടക്കത്തിലെ ഞെട്ടിച്ചാണ് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടങ്ങിയത്. ബുമ്രയുടെയും ഷമിയുടെയും ആദ്യ രണ്ടോവറിൽ തന്നെ ഓപ്പണർമാരായ റോറി, ബേൺസും(0), ഡൊമനിക് സിബ്ലിയും(0) ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തി. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നിരയിൽ നിന്ന് വെറും മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 33 റണ്‍സോടെ ക്യാപ്റ്റന്‍ ജോ റൂട്ട് ടോപ് സ്‌കോററായപ്പോള്‍ ജോസ് ബട്‌ലര്‍ 25ഉം മോയിന്‍ അലി 13ഉം റണ്‍സെടുത്തു. അഞ്ച് ബാറ്റ്സ്മാൻമാരാണ് പൂജ്യത്തിന് പുറത്തായത്.