കേരളം

kerala

ETV Bharat / sports

IND VS NZ: ബോളിങ്ങിലും ബാറ്റിങ്ങിലും സർവാധിപത്യം; ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡിനെ ചെറിയ സ്‌കോറിന് പുറത്താക്കിയ ബോളർമാർക്ക് പിന്നാലെ ഓപ്പണർമാരും തിളങ്ങിയതാണ് ഇന്ത്യൻ ജയം ആധികാരികമാക്കിയത്.

India defeated New Zealand  India vs New Zealand  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഇന്ത്യ  ന്യൂസിലന്‍ഡ്  Indian cricket team  ന്യൂസിലന്‍ഡ്  റായ്‌പൂർ  sports news
ബോളിങ്ങിലും ബാറ്റിങ്ങിലും സർവാധിപത്യം; ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

By

Published : Jan 21, 2023, 7:52 PM IST

റായ്‌പൂർ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അനായാസം ജയം സ്വന്തമാക്കി ടീം ഇന്ത്യ. റായ്‌പൂരിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്‍റെ ജയം നേടിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയര്‍ 2-0 ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്‌ത കിവീസിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 34.3 ഓവറില്‍ 108 റണ്‍സില്‍ എറിഞ്ഞൊതുക്കിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ജയം കണ്ടു. 51 റൺസെടുത്ത നായകൻ രോഹിത് ശർമ, 11 റൺസെടുത്ത വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. 40 റൺസുമായി ഓപ്പണർ ശുഭ്‌മാൻ ഗില്ലും എട്ട് റൺസുമായി ഇഷാൻ കിഷനും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിരയിൽ 36 റണ്‍സെടുത്ത ഗ്ലെൻ ഫിലിപ്‌സ് മാത്രമാണ് പൊരുതി നോക്കിയത്. ഫിലിപ്‌സിനെ കൂടാതെ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നർ എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

തുടക്കത്തിൽ തന്നെ പേസിനെ പിന്തുണച്ച പിച്ചിൽ ചെറിയ സ്‌കോർ പിന്തുടർന്ന രോഹിതും ഗില്ലും ക്ഷമയോടെയാണ് ബാറ്റുവീശിയത്. പതിയെ മത്സരത്തിൽ അനായാസം ബാറ്റുവീശിയ രോഹിത് ഗില്ലിനെ കാഴ്‌ചക്കാരനാക്കി സ്‌കോറിങ്ങിന് വേഗം കൂട്ടി. 47 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് അർധസെഞ്ച്വറിയിലെത്തിയത്. ഫിഫ്‌റ്റി തികച്ചതിന് പിന്നാലെ ഹെൻറി ഷിപ്‌ലിക്ക് മുന്നിൽ രോഹിത് വീണു. പിന്നാലെയെത്തിയ കോലിക്ക് വീണ്ടും മിച്ചൽ സാന്‍റ്നർക്ക് മുന്നിൽ പിഴച്ചു. രണ്ട് ഫോറുകളാണ് താരത്തിന്‍റെ ഇന്നിങ്ങ്‌സിലുണ്ടായിരുന്നത്. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഗിൽ - ഇഷാൻ സഖ്യം കൂടുതൽ വിക്കറ്റ് നഷ്‌ടമില്ലാതെ ജയത്തിലെത്തിച്ചു.

ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ തുടക്കത്തിൽ തന്നെ സമ്മർദത്തിലാക്കുന്നതായിരുന്നു ഇന്ത്യൻ ബോളിങ്. സ്‌കോർബോർഡ് തുറക്കും മുൻപ് ഫിൻ അലനെ മുഹമ്മദ് ഷമി മടക്കി. ആറാം ഓവറില്‍ ഹെന്‍റി നിക്കോള്‍സിനെ(2) വീഴ്ത്തി സിറാജ് കിവീസിനെ സമ്മര്‍ദത്തിലാക്കി.

ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് പിന്നാലെ മൂന്നാം വിക്കറ്റും സംഘത്തിന് നഷ്‌ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഡാരില്‍ മിച്ചലിനെ മുഹമ്മദ് ഷമി റിട്ടേണ്‍ ക്യാച്ചിലൂടെയാണ് തിരിച്ച് കയറ്റിയത്. തുടര്‍ന്നെത്തിയ ഡെവോണ്‍ കോണ്‍വെയും ക്യാപ്റ്റന്‍ ടോം ലാഥവും മടങ്ങിയതോടെ 10.3 ഓവറില്‍ അഞ്ചിന് 15 എന്ന നിലയിലായിരുന്നു കിവീസ്.

പിന്നീട് ഒത്തുചേർന്ന ബ്രേസ്‌വെൽ - ഗ്ലെന്‍ ഫിലിപ്‌സ്‌ സഖ്യം ചേർന്ന് കിവികൾക്ക് പ്രതീക്ഷ നൽകി. ടീം സ്‌കോർ 50 കടന്നതിന് പിന്നാലെ ബ്രേസ്‌വെല്ലിനെ ഷമി മടക്കി. തുടര്‍ന്നെത്തിയ മിച്ചല്‍ സാന്‍റ്നറിനൊപ്പം ചേര്‍ന്ന ഫിലിപ്‌സ് കിവീസിനെ 100 കടത്തി. പിന്നാലെ സാന്‍റ്നറെ ബൗള്‍ഡാക്കി ഹാര്‍ദിക് കൂട്ടുകെട്ട് പൊളിച്ചതോടെ കിവീസ് ഇന്നിങ്‌സ് പെട്ടെന്ന് അവസാനിച്ചു.

ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഹാര്‍ദിക് പാണ്ഡ്യ ആറോവറില്‍ 16 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് ഓവറില്‍ ഏഴ്‌ റണ്‍സും മാത്രം വിട്ടുകൊടുത്ത് രണ്ട് വീതവും വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.

ABOUT THE AUTHOR

...view details