മൊഹാലി :ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സിൽ 174 റണ്‍സിന് ഓൾ ഔട്ട് ആയ ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓണിനയച്ചു. ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞ രവീന്ദ്ര ജഡേജ 5 വിക്കറ്റുമായി ബൗളിങിലും തിളങ്ങിയതോടെ ശ്രീലങ്ക 174 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ഒന്നാം ഇന്നിങ്സിൽ 175 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജയുടെ സ്കോർ പോലും ശ്രീലങ്കൻ ടീമിന് നേടാനായില്ല. ഫോളോ ഓണിനിറങ്ങിയ ശ്രീലങ്ക ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 10 റണ്‍സ് നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് 390 റണ്‍സിന്‍റെ ലീഡുണ്ട്
നാല് വിക്കറ്റ് നഷ്‌ടത്തിൽ 108 റണ്‍സുമായി മൂന്നാം ദിനം ഇന്നിങ്സ് പുനരാരംഭിച്ച ശ്രീലങ്ക മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 161 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് വെറും 13 റണ്‍സ് നേടുന്നതിനിടെ ശ്രീലങ്കയുടെ ശേഷിച്ച വിക്കറ്റുകൾ കൂടി ഇന്ത്യൻ ബൗളർമാർ പിഴുതെടുക്കുകയായിരുന്നു.
നിരോഷൻ ഡിക്‌വല്ല (2), സുരംഗ ലക്മൽ (0), ലസിത് എംബുൽദെനിയ (0), വിശ്വ ഫെർണാണ്ടോ (0), ലഹിരു കുമാര (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ (28), ലഹിരു തിരിമാന്നെ (17), എയ്ഞ്ചലോ മാത്യൂസ് (22), ധനഞ്ജയ ഡിസിൽവ (1) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.
61 റണ്‍സുമായി പുറത്താകാതെ നിന്ന പാത്തും നിസങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 13 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് പിഴുതത്. ജഡേജയ്‌ക്ക് പുറമേ ജസ്‌പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
ALSO READ:IND VS SL | കപില്‍ ദേവിന്‍റെ 36 വര്‍ഷമായുള്ള റെക്കോര്‍ഡ് തകർത്ത് ജഡേജ
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 175 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് 574 റണ്‍സ് എന്ന കൂറ്റൻ സ്കോറിലേക്കെത്തിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. റിഷഭ് പന്തിന്‍റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു.