കേരളം

kerala

ETV Bharat / sports

മൂന്നാം മത്സരത്തിലും ജയം ; വിന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

By

Published : Feb 20, 2022, 11:00 PM IST

INDIA BEAT WEST INDIES IN 3RD T20  INDIA vs WEST INDIES  ഇന്ത്യ-വെസ്റ്റ്‌ഇന്‍ഡീസ്
മൂന്നാം മത്സരത്തിലും ജയം; വിന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

കൊല്‍ക്കത്ത : വിന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യ തുത്തുവാരി. മൂന്നാം ടി20യില്‍ 18 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തേ ഏകദിന പരമ്പരയും ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്‌ക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപക്‌ ചഹാര്‍, വെങ്കിടേഷ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

47 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. കൈല്‍ മില്‍സ് (6), ഷായ് ഹോപ് (8), റോവ്മാന്‍ പവല്‍ (25), കിറോണ്‍ പൊള്ളാര്‍ഡ് (5), റോസ്റ്റൺ ചേസ് (12), ജേസൺ ഹോൾഡർ (2), റൊമാരിയോ ഷെപ്പേർഡ് (29), ഡൊമിനിക് ഡ്രേക്ക്‌സ് (4) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ഫാബിയൻ അലൻ (4), ഹെയ്ഡൻ വാൽഷ് (0) എന്നിവര്‍ പുറത്താവാതെ നിന്നു.

ടോസ്‌ നഷ്‌ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അവസാന ഓവറുകളില്‍ കത്തിക്കയറിയ സൂര്യകുമാര്‍ യാദവ് - വെങ്കിടേഷ് അയ്യര്‍ സഖ്യമാണ് മികച്ച സ്‌കോറിലെത്തിച്ചത്. 31 പന്തില്‍ 65 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍.

ഏഴ് സിക്‌സും ഒരു ഫോറുമാണ് താരം അടിച്ച് കൂട്ടിയത്. വെങ്കിടേഷ് അയ്യര്‍ 19 പന്തില്‍ 35 റണ്‍സെടുത്തു. നാല് ഫോറുകളും രണ്ട് സിക്‌സുമാണ് താരം പറത്തിയത്. അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ നിന്ന ഇരുവരും 37 പന്തില്‍ നിന്ന് 91 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.

റിതുരാജ് ഗെയ്‌ഗ്വാദ് (8 പന്തില്‍ 4), ഇഷാന്‍ കിഷന്‍ (31 പന്തില്‍ 34), ശ്രേയസ് അയ്യര്‍ (16 പന്തില്‍ 25), രോഹിത് ശര്‍മ (15 പന്തില്‍ 7), എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, ഹെയ്ഡന്‍ വാല്‍ഷ്, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റണ്‍ ചേസ്, ഡൊമനിക് ഡ്രെക്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ABOUT THE AUTHOR

...view details