കൊളംബോ:ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായസൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യക്ക് 228 റൺസിൻ്റെ കൂറ്റൻ വിജയം. ആദ്യദിനം മഴ മുടക്കിയതിനെ തുടര്‍ന്ന് റിസര്‍വ് ഡേയിലേക്ക് (Reserve Day) മാറ്റിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യയുയര്‍ത്തിയ 356 റൺസിന് മുന്നില്‍ പാകിസ്‌താന്‍ (Pakistan) തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ്റെ ഇന്നിങ്സ് 32ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 128റണ്‍സില്‍ ഒതുങ്ങി.
ബോളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി കുല്‍ദീപാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ടോപ് ഓര്‍ഡറിലെ ബാറ്റര്‍മാരായ വിരാട് കോലി (94 പന്തിൽ 122), കെഎല്‍ രാഹുല്‍ (106 പന്തിൽ 111) എന്നിവരുടെ അപരാജിത സെഞ്ചുറികളും രോഹിത് ശര്‍മയുടേയും (56), ശുഭ്‌മാന്‍ ഗില്ലിന്‍റെയും (58) അര്‍ധ സെഞ്ചുറികളുമാണ് മികച്ച സ്കോർ നേടിക്കൊടുത്തത്.
മുന്നേറ്റനിര തകര്‍ന്ന് പാക് പട:ഇന്ത്യ മുന്നില്‍ വച്ച റണ്‍മല മറികടക്കാന്‍ ഓപ്പണര്‍മാരായ ഫഖര്‍ സമാനും, ഇമാമുല്‍ ഹക്കുമായിരുന്നു പാകിസ്ഥാന് വേണ്ടി ക്രീസിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ പന്തിന് മുന്നില്‍ പാക് ബോളര്‍മാര്‍ വിറച്ചു. നേരിട്ട ആദ്യ ആറുപന്തുകളില്‍ വൈഡ് ബോളില്‍ ബൗണ്ടറി ലഭിച്ചതോടെ അഞ്ച് റണ്‍സ് എക്‌സ്‌ട്രാസ് ഇനത്തില്‍ പാകിസ്‌താന്‍റെ സ്‌കോര്‍ ബോര്‍ഡിലെത്തി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജിന്‍റെ പന്തുകള്‍ക്ക് മുന്നിലും പാക് ഓപ്പണര്‍മാര്‍ ഏറെ ബുദ്ധിമുട്ടി.
താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പാക് ഓപ്പണര്‍മാരില്‍ ഇമാമുല്‍ ഹക്കിനെ നിലയുറപ്പിക്കും മുമ്പ് പുറത്താക്കി ബുമ്ര നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. 18 പന്തില്‍ എട്ട് റണ്‍സ് നേടിയ ഇമാമുല്‍ ഹക്ക് ശുഭ്‌മാന്‍ ഗില്ലിന്‍റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. തുടന്ന് നായകന്‍ ബാബര്‍ അസം ക്രീസിലെത്തിയതോടെ പാക് ആരാധകര്‍ക്കിടയില്‍ ആത്മവിശ്വാസം നിറഞ്ഞു. എന്നാൽ അധികം വൈകാതെ ആ പ്രതീക്ഷയും അസ്‌തമിച്ചു.
പത്താം ഓവറില്‍ ബാബര്‍ അസത്തെ മികച്ച സ്വിങിലൂടെ ഇന്ത്യന്‍ ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. പുറത്താകുമ്പോള്‍ 24 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു പാക് നായകന്‍റെ സമ്പാദ്യം. തൊട്ടുപിന്നാലെ മുഹമ്മദ് റിസ്‌വാന്‍ കളത്തിലെത്തിയെങ്കിലും രണ്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹം നേരിട്ടത്. ഇതിനിടെ മഴ മുടക്കിയതോടെ താരങ്ങള്‍ തിരികെ കയറി.