ഓവല്‍ : ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയില്‍ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ആവേശ ജയം. ആദ്യം ബോളർമാരും പിന്നാലെ ബാറ്റിങ്ങിൽ ഓപ്പണർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ, 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന്‍റെ 110 റൺസ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ രോഹിത് 58 പന്തില്‍ 76 ഉം ധവാന്‍ 54 പന്തില്‍ 31റൺസുമെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ഇന്ത്യൻ പേസ് ആക്രമണത്തിനുമുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട്, 25.2 ഓവറിൽ വെറും 110 റൺസിന് എല്ലാവരും പുറത്തായി. 32 പന്തിൽ ആറ് ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിന്‍റെ 10 വിക്കറ്റും വീഴ്ത്തിയത് ഇന്ത്യൻ പേസർമാരാണെന്ന പ്രത്യേകതയുമുണ്ട്. ഇത് ആറാം തവണയാണ് ഇന്ത്യൻ പേസർമാർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാമത് ബോൾ ചെയ്യുമ്പോൾ ഇതാദ്യവും.
ഇംഗ്ലീഷ് നിരയിൽ ക്യാപ്‌റ്റൻ ജോസ് ബട്‍ലർക്ക് പുറമെ രണ്ടക്കം കണ്ടത് മൂന്നുപേരാണ്. മോയിൻ അലി (18 പന്തിൽ രണ്ട് ഫോറുകളോടെ 14), ഡേവിഡ് വില്ലി (26 പന്തിൽ മൂന്ന് ഫോറുകളോടെ 21), ബ്രൈഡൻ കേഴ്‌സ് (26 പന്തിൽ രണ്ടുഫോറുകളോടെ 15) എന്നിവർ. റീസ് ടോപ്‍ലി ഏഴുപന്തിൽ ഒരു സിക്‌സ് സഹിതം ആറ് റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന്‍റെ ഏക സിക്‌സർ കൂടിയാണിത്. ജോണി ബെയർസ്റ്റോ (20 പന്തിൽ ഏഴ്), ക്രെയ്‌ഗ് ഓവർട്ടൻ (ഏഴ് പന്തിൽ എട്ട്) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.
ബുമ്ര 7.2 ഓവറില്‍ 19 റണ്ണിന് ആറും ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ജേസന്‍ റോയ്, ജോണി ബെയ്ർസ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് വില്ലി, ബ്രൈഡന്‍ കാർസ് എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ഇതില്‍ നാല് പേർ ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‍ലർ, ക്രൈഗ് ഓവർട്ടന്‍ എന്നിവരെയാണ് ഷമി മടക്കിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്‌ച ലോർഡ്‌സിൽ നടക്കും.