മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാനായില്ല. അതേസമയം യുവബാറ്റർ ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്, പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ് എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ ഹൈദരാബാദ് താരമായ ഉമ്രാന്‍ മാലിക് 150 കിലോ മീറ്ററിലധികം വേഗതയിൽ സ്ഥിരമായി പന്തെറിയാൻ കഴിയുന്ന താരമാണ്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ലഖ്‌നൗ പേസർ മൊഹ്‌സിൻ ഖാനെ ടീമിലെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും ഉമ്രാനാണ് നറുക്ക് വീണത്. 8 മത്സരങ്ങളിൽ നിന്ന് 5.93 എന്ന അമ്പരപ്പിക്കുന്ന ഇക്കോണമി നിരക്കിൽ 13 വിക്കറ്റുകളാണ് മൊഹ്‌സിൻ ഈ സീസണിൽ സ്വന്തമാക്കിയത്.
പൂജാര ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ; മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനേയും പ്രഖ്യാപിച്ചു. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ചേതേശ്വര്‍ പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തി. സസെക്‌സിനായി അഞ്ച് ഡിവിഷൻ മത്സരങ്ങളിൽ നിന്ന് 720 റൺസ് നേടിയതാണ് താരത്തിന് ടീമിലിടം നേടിക്കൊടുത്തത്. രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിരിച്ചെത്തും.
ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. ഐപിഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ചെന്നൈയുടെ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായെത്തും.