മിര്‍പൂര്‍ : അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ കളിക്കുന്ന ആദ്യ മലയാളി വനിത താരമായി മിന്നു മണി. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിനുള്ള പ്ലെയിങ് ഇലവനില്‍ വയനാട് ഒണ്ടയങ്ങാടി സ്വദേശി മിന്നു മണിയ്‌ക്ക് ഇടം ലഭിച്ചു. ഇടങ്കയ്യന്‍ ബാറ്ററും സ്‌പിന്നറുമാണ് 24-കാരിയായ മിന്നു മണി.
വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ദാനയാണ് മിന്നുവിന് ക്യാപ് സമ്മാനിച്ചത്. ഇന്ത്യന്‍ നിരയില്‍ അനുഷ ബാറെഡ്ഡിയും അരങ്ങേറ്റം നടത്തുന്നുണ്ട്. മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബോളിങ് തെരഞ്ഞെടുത്തു. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
ഇന്ത്യൻ വനിതകൾ (പ്ലെയിംഗ് ഇലവൻ): ഷഫാലി വർമ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ദീപ്തി ശർമ, പൂജ വസ്‌ത്രാകർ, അമൻജോത് കൗർ, ബാറെഡ്ഡി അനുഷ, മിന്നു മണി.
ബംഗ്ലാദേശ് വനിതകൾ (പ്ലെയിംഗ് ഇലവൻ): നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സൽമ ഖാത്തൂൺ, ഷമീമ സുൽത്താന, നഹിദ അക്തർ, റിതു മോനി, ഷൊർന അക്തർ, മറുഫ അക്തർ, ശോഭന മോസ്റ്ററി, ഷാതി റാണി, സുൽത്താന ഖാത്തൂൺ, റബേയ ഖാൻ.
മിന്നു മണി മിന്നട്ടെ : 2019-ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്ന മിന്നു മണി ഏഷ്യ കപ്പ് ജൂനിയർ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്. തന്‍റെ പത്താം വയസില്‍ വീടിനടുത്തുള്ള നെൽവയലിൽ ആൺകുട്ടികളോടൊപ്പമാണ് താരം ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. തുടര്‍ന്ന് ഇടപ്പാടി സർക്കാർ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേര്‍ന്നതോടെയാണ് മിന്നു മണിയ്‌ക്ക് കളി കാര്യമാവുന്നത്.
16-ാം വയസില്‍ കേരള ക്രിക്കറ്റ് ടീമില്‍ ഇടം ലഭിച്ച മിന്നുന്നവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ 10 വർഷമായി ടീമിലെ സ്ഥിരാംഗമാണ്. വനിത ഓള്‍ ഇന്ത്യ ഏകദിന ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഈ മലയാളി താരം. സീസണിൽ എട്ട് കളികളില്‍ നിന്ന് 246 റൺസായിരുന്നു മിന്നു മണി അടിച്ച് കൂട്ടിയത്.
ALSO READ:MS Dhoni | 'ഈ ദിവസം, ആ വര്‍ഷം...'; ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതിഹാസനായകന്‍റെ അവസാന ഏകദിനം
12 വിക്കറ്റുകളും വീഴ്‌ത്തി തന്‍റെ ഓള്‍ റൗണ്ടര്‍ മികവ് താരം അടിവരയിടുകയും ചെയ്‌തു. വനിത ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ ഡൽഹി ക്യാപിറ്റൽസിനായാണ് മിന്നു മണി കളിച്ചത്. താര ലേലത്തില്‍ 30 ലക്ഷം രൂപയ്‌ക്കായിരുന്നു ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ കാര്യമായ അവസരം മിന്നുവിന് ലഭിച്ചിരുന്നില്ല.
മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറ്റം നടത്തിയ താരത്തിന് ആകെ മൂന്ന് മത്സരങ്ങളിലാണ് കളിക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ കുപ്പായത്തിലെ ആദ്യ മത്സരത്തില്‍ തന്നെ താരത്തിന് തിളങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.