മിര്‍പൂര്‍ : ഇന്ത്യന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20-യില്‍ ബംഗ്ലാദേശിന് 96 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 95 റണ്‍സ് എടുത്തത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ ബംഗ്ലാദേശ് ബോളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് അടിപതറുകയായിരുന്നു. 14 പന്തില്‍ 19 റണ്‍സെടുത്ത ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ആതിഥേയര്‍ക്കായി സുൽത്താന ഖാത്തൂൺ മൂന്നും ഫാഹിമ ഖാത്തൂൺ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 4.2 ഓവറില്‍ 33 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയതിന് ശേഷമായിരുന്നു ഇന്ത്യ തകര്‍ന്നടിഞ്ഞത്. സ്‌മൃതി മന്ദാനയെ (13 പന്തില്‍ 13) ബൗള്‍ഡാക്കിക്കൊണ്ട് നഹിദ അക്‌തറാണ് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരം നല്‍കിയത്.
തുടര്‍ന്ന് ആറാം ഓവറിന്‍റെ ആദ്യ പന്തില്‍ ഷഫാലി വര്‍മയേയും തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനേയും മടക്കിക്കൊണ്ട് സുൽത്താന ഖാത്തൂൺ ഇന്ത്യയെ ഞെട്ടിച്ചു. ഷഫാലിയെ ശോഭന മോസ്‌തരി പിടികൂടിയപ്പോള്‍ ഹര്‍മന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ യാസ്തിക ഭാട്ടിയയും (13 പന്തില്‍ 11) തിരിച്ച് കയറിയതോടെ ഇന്ത്യ 8.3 ഓവറില്‍ നാലിന് 48 എന്ന നിലയിലേക്ക് തകര്‍ന്നു.
പിന്നീട് ഒന്നിച്ച ജെമീമ റോഡ്രിഗസും ഹര്‍ലിന്‍ ഡിയോളും ഏറെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയതെങ്കിലും സ്‌കോര്‍ ബോര്‍ഡിന് വേഗം വച്ചിരുന്നില്ല. 14-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ജെമീമ റോഡ്രിഗസിനെ (21 പന്തില്‍ 8) വിക്കറ്റ് കീപ്പര്‍ നിഗര്‍ സുല്‍ത്താന സ്‌റ്റംപ് ചെയ്‌തു. തൊട്ടടുത്ത ഓവറില്‍ ഹര്‍ലിന്‍റെ ചെറുത്ത് നില്‍പ്പും അവസാനിച്ചതോടെ ഇന്ത്യ ആറിന് 61 എന്ന നിലയിലായി.