കേരളം

kerala

ജയം തുടരാന്‍ ഹര്‍മനും സംഘവും ; ഓസീസിനെതിരായ രണ്ടാം ടി20 ഇന്ന്

IND W vs AUS W 2nd T20I Preview: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ടി20യ്‌ക്ക് ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. ആദ്യ മത്സരം വിജയിച്ച ഇന്ത്യയ്‌ക്ക് ഇന്ന് കളി പിടിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

By ETV Bharat Kerala Team

Published : Jan 7, 2024, 2:10 PM IST

Published : Jan 7, 2024, 2:10 PM IST

Updated : Jan 7, 2024, 5:26 PM IST

IND W vs AUS W 2nd T20I  ഇന്ത്യ വനിത ക്രിക്കറ്റ്  ഹര്‍മന്‍പ്രീത് കൗര്‍  Harmanpreet Kaur
Where to IND W vs AUS W 2nd T20

നവി മുംബൈ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യന്‍ വനിതകള്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടി20 ഇന്ന്. (India Women vs Australia Women 2nd T20I ). നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴുമണിക്കാണ് കളി തുടങ്ങുക. (IND W vs AUS W 2nd T20I Preview).

ആദ്യ ടി20യില്‍ തകര്‍പ്പന്‍ വിജയം നേടിയ ഹര്‍മന്‍പ്രീത് കൗറിന്‍റെ (Harmanpreet Kaur) സംഘം നിലവില്‍ 1-0ന് മുന്നിലാണ്. ഓസീസിനെതിരെ ഇന്ന് കളിപിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാം. എന്നാല്‍ തിരിച്ചുവരവ് ലക്ഷ്യം വയ്‌ക്കുന്ന ഹലീസ ഹീലിയുടെ (Alyssa Healy) സംഘത്തിനെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഓസീസ് നിരയില്‍ എല്ലിസ് പെറിയുടെ 300-ാം അന്താരാഷ്‌ട്ര മത്സരം കൂടിയാണിത്.

മുന്‍ ഏറ്റുമുട്ടലുകളില്‍ ഇന്ത്യയ്‌ക്ക് എതിരെ വമ്പന്‍ ആധിപത്യം പുലര്‍ത്താന്‍ ഓസീസിന് കഴിഞ്ഞിട്ടുണ്ട്. ഇതേവരെ 32 മത്സരങ്ങളിലാണ് ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ എട്ട് തവണ മാത്രമാണ് ഇന്ത്യയ്‌ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. 23 മത്സരങ്ങള്‍ ഓസീസിനൊപ്പം നിന്നപ്പോള്‍ ഒരു കളിയ്‌ക്ക് ഫലമുണ്ടായിരുന്നില്ല.

ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്നതാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ ചരിത്രം. ആദ്യ ഇന്നിങ്‌സില്‍ 170-ന് മുകളില്‍ നേടിയാല്‍ അത് മികച്ച സ്‌കോറായി കണക്കാക്കാം. മഞ്ഞ് പ്രതീക്ഷിക്കുന്നതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തേക്കും.

അതേസമയം ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ വിജയമായിരുന്നു ഇന്ത്യ നേടിയിരുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിനെ ആതിഥേയര്‍ 19.2 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടാക്കി. 19-കാരി ടിറ്റാസ് സധുവിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് സന്ദര്‍ശകരുടെ നട്ടെല്ല് തകര്‍ത്തത്. ഫോബ് ലിച്ച്ഫീല്‍ഡായിരുന്നു സന്ദര്‍ശകരുടെ ടോപ്‌ സ്‌കോറര്‍. 32 പന്തില്‍ 49 റണ്‍സായിരുന്നു 20-കാരി നേടിയത്.

മറുപടിക്ക് ഇറങ്ങിയ ആതിഥേയര്‍ 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 145 റണ്‍സടിച്ച് വിജയം ഉറപ്പിച്ചു. 44 പന്തില്‍ 64 റണ്‍സ് നേടി പുറത്താവാതെ നിന്ന ഷഫാലി വര്‍മയും 52 പന്തില്‍ 54 റണ്‍സ് നേടിയ സ്‌മൃതി മന്ദാനയുമാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

ALSO READ:'എനിക്ക് ചിരിയാണ് വന്നത്' ; വോണിന്‍റെ വിമര്‍ശനത്തിന് കനത്ത മറുപടിയുമായി ആര്‍ അശ്വിന്‍

ഇന്ത്യ സാധ്യത ഇലവന്‍ : ഷഫാലി വർമ, സ്‌മൃതി മന്ദാന, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്‌തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമൻജോത് കൗർ, പൂജ വസ്ത്രാകർ, ശ്രേയങ്ക പാട്ടീൽ, രേണുക താക്കൂർ സിങ്‌, ടിറ്റാസ് സധു.

ഓസ്‌ട്രേലിയ സാധ്യത ഇലവന്‍ : അലിസ ഹീലി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ബെത്ത് മൂണി, താഹ്‌ലിയ മഗ്രാത്ത്, എല്ലിസ് പെറി, ആഷ്‌ലീ ഗാർഡ്‌നർ, ഫോബ് ലിച്ച്‌ഫീൽഡ്, ഗ്രേസ് ഹാരിസ്, അന്നബെൽ സതർലാൻഡ്, ജോർജിയ വെയർഹാം, മേഗൻ ഷട്ട്, ഡാർസി ബ്രൗൺ.

മത്സരം ലൈവായി കാണാന്‍ : ഇന്ത്യ വനിതകളും ഓസ്‌ട്രേലിയ വനിതകളും തമ്മിലുള്ള രണ്ടാം ടി20 ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലാണ് സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും കളി കാണാം (Where to watch IND W vs AUS W 2nd T20).

Last Updated : Jan 7, 2024, 5:26 PM IST

ABOUT THE AUTHOR

...view details