ഹാരാരെ: ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഉച്ചയ്‌ക്ക് 12.45നാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ ആശ്വാസ ജയമാണ് ആതിഥേയരുടെ ലക്ഷ്യം.
ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനുമാണ് ഇന്ത്യ ജയം പിടിച്ചത്. ഏഷ്യ കപ്പിന് മുമ്പ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമാണിത്. പരമ്പര സ്വന്തമാക്കിയതിനാല്‍ ബെഞ്ചിലിരിക്കുന്നവര്‍ക്ക് അവസരം നല്‍കിയേക്കും.
ഷഹ്‌ബാസ് അഹമ്മദ്, രാഹുല്‍ ത്രിപാഠി എന്നിവര്‍ അരങ്ങേറ്റത്തിനും, ആവേശ് ഖാന്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ അവസരത്തിനും കാത്തിരിക്കുന്നുണ്ട്. ത്രിപാഠിയേയൊ, റിതുരാജിനേയൊ പരിഗണിച്ചാല്‍ ഇഷാന്‍ കിഷനെ പുറത്തിരുത്തിയേക്കും.
ടോപ് ഓര്‍ഡറിലും മധ്യനിരയിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ത്രിപാഠി. 31കാരനായ താരത്തെ തഴയുന്നതില്‍ വിമര്‍ശനങ്ങളുണ്ട്. സഞ്‌ജു സാംസണ്‍ തുടരാനാണ് സാധ്യത. പേസ് യൂണിറ്റില്‍ പ്രസിദ്ധ് കൃഷ്‌ണക്ക് വിശ്രമം നല്‍കിയാല്‍ ഷഹ്‌ബാസോ, ആവേശ് ഖാനോ കളിച്ചേക്കും.
എവിടെ കാണാം: സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം കാണാം.