ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയിച്ചതോടെ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്‌ക്ക് അപൂര്‍വമായൊരു ലോക റെക്കോഡ്. ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത് മുതൽ, ദീപക് ഹൂഡ ടീമിലുള്ള ഒരൊറ്റ മത്സരത്തില്‍ പോലും ഇന്ത്യ തോല്‍വി നേരിട്ടിട്ടില്ല. തുടര്‍ച്ചയായ 16 മത്സരങ്ങളിലാണ് ഹൂഡ ഇന്ത്യയുടെ വിജയത്തിന്‍റെ ഭാഗമായത്.
അരങ്ങേറ്റത്തിന് ശേഷം ഏതൊരു കളിക്കാരന്‍റെയും ഏറ്റവും വലിയ അപരാജിത കുതിപ്പാണിത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൂഡ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയതിന് ശേഷം കളിച്ച ഏഴ് ഏകദിനങ്ങളും ഒമ്പത് ടി20കളിലുമാണ് ഇന്ത്യ ജയിച്ചത്. ഇതോടെ റൊമാനിയയുടെ സാത്വിക് നദിഗോട്‌ലയുടെ റെക്കോഡാണ് പഴങ്കഥയായത്.
സാത്വിക് നദിഗോട്‌ല അരങ്ങേറ്റം നടത്തിയത് മുതല്‍ക്ക് തുടര്‍ച്ചായി 15 മത്സരങ്ങളിലാണ് റൊമാനിയ ജയം നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും റൊമാനിയയുടെ ശാന്തനു വസിഷ്ഠും തങ്ങളുടെ അന്താരാഷ്‌ട്ര അരങ്ങേറ്റത്തിന് ശേഷം തുടര്‍ച്ചയായി 13 മത്സരങ്ങളില്‍ ടീമിനൊപ്പം ജയം നേടിയിട്ടുണ്ട്.
അതേസമയം സിംബാബെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 148 പന്ത് ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. 39 പന്തില്‍ 43 റണ്‍സടിച്ച് പുറത്താവാതെ നിന്ന് ഇന്ത്യന്‍ വിജയമുറപ്പിച്ച മലയാളി താരം സഞ്‌ജു സാംസണ്‍ ആണ് കളിയിലെ താരം.
also read: ബാറ്റിങ് വിരുന്നൊരുക്കി സഞ്‌ജു, സിംബാബ്‌വെയ്‌ക്കതിരെ ഇന്ത്യയ്‌ക്ക് ജയവും പരമ്പരയും