മുംബൈ: വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. സഞ്‌ജു സാംസണടക്കമുള്ള താരങ്ങള്‍ ടീമിലുണ്ടായിട്ടും ശ്രേയസിനെ കളിപ്പിക്കുന്നത് വിചിത്രമാണെന്ന് പ്രസാദ് ട്വീറ്റ് ചെയ്‌തു. ആദ്യ മത്സരത്തില്‍ ശ്രേയസ് പൂജ്യത്തിന് പുറത്തായതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് വെങ്കടേഷ് പ്രസാദിന്‍റെ വിമര്‍ശനം.
'വരാനിരിക്കുന്ന ടി20 ലോകകപ്പ് മനസിൽ വച്ചുകൊണ്ടുള്ള സെലക്ഷനാണ് നടത്തേണ്ടത്. സഞ്‌ജു സാംസണ്‍, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലിരിക്കേ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നത് വിചിത്രമാണ്. വിരാട് കോലിയും, രോഹിത് ശര്‍മയും, കെഎല്‍ രാഹുലും കഴിഞ്ഞുവരുന്ന ബാറ്റിങ് ക്രമത്തില്‍ കൃത്യമായ സന്തുലനം കണ്ടെത്തണം', വെങ്കടേഷ് പ്രസാദ് കുറിച്ചു.
ടി20 ഫോര്‍മാറ്റിലെ ബാറ്റിങ് ശ്രേയസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ പ്രസാദ് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ ശ്രേയസ് നന്നായി കളിച്ചിരുന്നുവെന്നും നിര്‍ഭാഗ്യം കൊണ്ടാണ് ടി20 മത്സരത്തില്‍ താരം പുറത്തായതെന്നും ചൂണ്ടിക്കാട്ടിയ ഒരു ആരാധകന് മറുപടിയായാണ് പ്രസാദ് ഇക്കാര്യം പറഞ്ഞത്.