മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ അജിങ്ക്യ രഹാനെയെയാണ് സെലക്‌ടര്‍മാര്‍ ഉപനായകനായി തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ചേതേശ്വര്‍ പുജാരയ്‌ക്ക് പകരക്കാരനായാണ് രഹാനെയ്‌ക്ക് ചുമതല നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അജിങ്ക്യ രഹാനെയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇതിന് മുന്നെ റണ്‍വരള്‍ച്ച നേരിട്ട താരം ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 18 മാസത്തോളം ദേശീയ ടീമില്‍ ഇടം കണ്ടെത്താന്‍ കഴിയാതിരുന്ന 35-കാരന്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചുവരവ് നടത്തിയത്. വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്കായി നിര്‍ണായക പ്രകടനം നടത്താന്‍ രഹാനെയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ താരത്തിന് ഉപനായക പദവി നല്‍കിയ സെലക്‌ടര്‍മാരുടെ തീരുമാനം തനിക്ക് മനസിലാകുന്നില്ലെന്നാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി പ്രതികരിച്ചിരിക്കുന്നത്. 18 മാസത്തോളം ടീമിന് പുറത്തിരുന്ന അജിങ്ക്യ രഹാനെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനം നേടിയതിന് പിന്നിലെ 'യുക്തി' തനിക്ക് മനസിലാകുന്നില്ലെന്നാണ് ഗാംഗുലി പറയുന്നത്.
സെലക്ഷൻ പ്രക്രിയയിൽ സ്ഥിരതയും തുടർച്ചയും വേണമെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ പറഞ്ഞു. വിദേശത്തായാലും സ്വന്തം മണ്ണിലായാലും ഇന്ത്യയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പുള്ള രവീന്ദ്ര ജഡേജയെ ഈ റോളിലേക്ക് പരിഗണിക്കാമായിരുന്നുവെന്നും സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.